കാമറൂണ്‍ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ
Monday, February 6, 2017 3:22 AM IST
ലിബ്രവില്ലെ: ആഫ്രിക്കൻ നേഷൻസ് കപ്പിൽ കാമറൂണ്‍ ജേതാക്കൾ. ഗാബോണ്‍ തലസ്ഥാനമായ ലിബ്രവില്ലെയിൽ നടന്ന കശാലക്കളിയിൽ ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്താണ് കാമറൂണ്‍ കിരീടം സ്വന്തമാക്കിയത്. 22-ാം മിനിറ്റിൽ ആഴ്സണൽ താരം മുഹമ്മദ് എൽനേനിയിലൂടെ ഈജിപ്ത് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ, 59-ാം മിനിറ്റിൽ കാമറൂണ്‍ സമനില പിടിച്ചു. നിക്കോളാസ് എൻകൊലുവായിരുന്നു സ്കോറർ. 88-ാം മിനിറ്റിൽ വിൻസന്‍റ് അബുബക്കറും ലക്ഷ്യം കണ്ടതോടെ കാമറൂണ്‍ കിരീടത്തിലേക്ക് നടന്നുകയറുകയായിരുന്നു.

കാമറൂണിന്‍റെ അഞ്ചാം ആഫ്രിക്കൻ നേഷൻസ് കിരീടമാണിത്. 1986ന് ശേഷം ഇരുവരും ഏറ്റുമുട്ടുന്നത് ഇത് അഞ്ചാം തവണയായിരുന്നു. അവസാനമായി 2008ൽ ഏറ്റുമുട്ടിയപ്പോൾ ജയം ഈജിപ്തിനായിരുന്നു.