ഫാ. ടോമിന്‍റെ മോചനം: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ജന്ദർ മന്ദറിൽ ധർണ ആറിന്
Thursday, February 2, 2017 6:02 AM IST
ന്യൂഡൽഹി: യെമനിൽ ബന്ദിയാക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായുള്ള നടപടികൾ വേഗത്തിലാക്കണമെന്നുള്ള ആവശ്യമുന്നയിച്ചുകൊണ്ട്, കേന്ദ്ര സർക്കാരിന്‍റെമേൽ സമ്മർദ്ദം ചെലുത്താൻ ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി ജന്ദർ മന്ദറിൽ ധർണ നടത്തുന്നു. ഫെബ്രുവരി ആറിന് രാവിലെ 10 മുതൽ 11 വരെ നടക്കുന്ന ധർണ ഫരീദാബാദ് - ഡൽഹി രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും.

ഒരു വർഷത്തോളമായി ഭീകരരുടെ തടങ്കലിൽ കഴിയുന്ന ഫാ. ടോമിനെ മോചിപ്പിക്കാൻ സാധിക്കാത്തതിലുള്ള ക്രൈസ്തവരുടെ ആശങ്ക കേന്ദ്രസർക്കാരിന്‍റേയും പാർലമെന്‍റിന്‍റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് ധർണ സംഘടിപ്പിച്ചതെന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര വ്യക്തമാക്കി. ഇതിനായി രൂപതയിൽ പ്രത്യേക പ്രാർഥനയജ്ഞവും സംഘടിപ്പിച്ചു. കേരളത്തിൽ നിന്നുള്ള എംപിമാരും ധർണയിൽ പങ്കെടുക്കും.

ഡൽഹി അതിരൂപത ആർച്ച്ബിഷപ് അനിൽ കുട്ടോ, ഗുഡ്ഗാവ് രൂപതാധ്യക്ഷൻ ഡോ. ജേക്കബ് മാർ ബർണബാസ്, സിബിസിഐ ജനറൽ സെക്രട്ടറി ഡോ. തിയോഡോർ മസ്കരൻഹസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്കാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് വി.വി. അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം വിഷയാവതരണം നടത്തും. ഡയറക്ടർ ഫാ. ജിയോ കടവി, ജോസുകുട്ടി മാടപ്പിള്ളി, ടോണി പുഞ്ചക്കുന്നേൽ, സ്റ്റീഫൻ ജോർജ്, ജോബി നീണ്ടുകുന്നേൽ, സെലിൻ സിജോ, സെലിൻ വിൻസെന്‍റ്, ഫരീദാബാദ് പാസ്റ്ററൽ കൌണ്‍സിൽ സെക്രട്ടറി സി.ജെ. ജോസ്, സണ്ണി തുടങ്ങിയവർ പ്രസംഗിക്കും. ഫരീദാബാദ് രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നും വൈദികരും സന്യസ്തരും അല്മായരും ചടങ്ങിൽ പങ്കെടുക്കും.