തുർക്കിയിലെ നൈറ്റ് ക്ലബ് ആക്രമണം: പ്രതി പിടിയിൽ
Wednesday, January 18, 2017 3:45 AM IST
ഇസ്താംബുൾ: പുതുവർഷ രാത്രിയിൽ തുർക്കിയിലെ ഇസ്താംബുളിൽ നിശാ ക്ലബ് റൈന ആക്രമിച്ച തീവ്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഇയാൾതന്നെയെന്നും തുർക്കി പ്രധാനമന്ത്രി നിനാലി യെൽദിരിൻ സ്‌ഥിരീകരിച്ചു. ഈസ്താംബൂളിനടുത്തുള്ള എസൻയൂർത്തിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. തുർക്കി പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഉൾപ്പടെ 2000 പോലീസുകാരാണ് ഇയാൾക്കുവേണ്ടി കഴിഞ്ഞ രണ്ടാഴ്ചയായി തെരച്ചിൽ നടത്തിയത്. ഇയാളുടെ പക്കൽ നിന്നും രണ്ടു തോക്കും 1,85, 000 യൂറോയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 2016 ജനുവരി മുതൽ ഇയാൾ അനധികൃതമായി തുർക്കിയിൽ താമസിയിക്കുകയായിരുന്നു.

അബ്ദുൾഖാദിർ മഷാരിപോവ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇയാൾ ഉസ്ബെക്കിസ്‌ഥാൻ പൗരനാണ്. ഇയാൾ നടത്തിയ ആക്രമണത്തിൽ മുപ്പത്തൊമ്പതു പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ, ഫ്രാൻസ്, ടുണീഷ്യ, ലെബനൻ, ഇന്ത്യ, ബെൽജിയം, ജോർദാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നുള്ളവർ മരിച്ചവരിൽ ഉൾപ്പെടുന്നു.27 വിദേശരാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പാർട്ടിയിൽ പങ്കെടുത്തിരുന്നു.

ഇസ് ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് നേരത്തെ വ്യക്‌തമായിരുന്നു. സിറിയയിൽ തുർക്കി നടത്തുന്ന സൈനിക ഇടപെടലിനു പ്രതികാരം എന്ന നിലയിലായിരുന്നു ആക്രമണം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ