നടവിളിയോടെ ലീഡ്സ് ക്നാനായക്കാരുടെ ദശാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ചു
Wednesday, January 18, 2017 3:42 AM IST
ലീഡ്സ്: ലീഡ്സ് ക്നാനായ കാത്തലിക് അസോസിയേഷൻ രൂപീകൃതമായിട്ട് പത്തുവർഷങ്ങൾ പൂർത്തിയാകുന്ന 2018ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ദശാബ്ദി ആഘോഷങ്ങൾക്ക് നടവിളിയോടെ തുടക്കമായി. ലീഡ്സ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്മസ്, ന്യൂഇയർ ആഘോഷത്തോടനുബന്ധിച്ചാണ് യുകെകെസിഎ സെൻട്രൽ കമ്മിറ്റിയംഗങ്ങളുടെ സാന്നിധ്യത്തിൽ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായത്.

യോഗം യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനീഷ് പെരുമാപാഠം അധ്യക്ഷത വഹിച്ചു. ജോസി നെടുംതുരുത്തിപുത്തൻപുര, ബാബു തോട്ടം, സഖറിയ പുത്തൻകളം, ജോസ് മുഖച്ചിറ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ലീഡ്സ് യൂണിറ്റ് ട്രഷറർ സാബു മുഖച്ചിറയിൽ യുകെകെസിഎ ട്രഷറർ ബാബു തോട്ടത്തിലിന് യൂണിറ്റ് വിഹിതം കൈമാറി. ലീഡ്സ് യൂണിറ്റ് പ്രസിഡന്റ് ബിനീഷ് പെരുമാപാഠം, ഷിബു കൂടത്തിനാൽ, ബാബു മുഖാച്ചിറ, ഷൈജോ വടകര എന്നിവർ നേതൃത്വം നൽകി.