മൈദുഗുരി യൂണിവേഴ്സിറ്റിയിൽ കൗമാരക്കാരി ചാവേറായി; നാലുപേർ കൊല്ലപ്പെട്ടു
Monday, January 16, 2017 6:25 AM IST
മൈദുഗുരി: നൈജീരിയയിൽ യൂണിവേഴ്സിറ്റി കാമ്പസിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 15 പേർക്കു പരിക്കേറ്റു. മൈദുഗുരി യൂണിവേഴ്സിറ്റിയിലെ സ്റ്റാഫ് ക്വാർട്ടേഴ്സിനു സമീപത്തെ മോസ്കിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. കൗമാരക്കാരിയായ പെൺകുട്ടിയാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്ന് ഒരു യൂണിവേഴ്സിറ്റി അധ്യാപകൻ എഫ്പിയോടു പറഞ്ഞു. അതേസമയം, സ്ഫോടനത്തിനു തൊട്ടുമുമ്പ് യൂണിവേഴ്സിറ്റിയിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ച പെൺകുട്ടിയെ പോലീസ് വെടിവച്ചു വീഴ്ത്തിയിരുന്നതായും സൂചനയുണ്ട്.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും ബോക്കോ ഹറാമിലേക്കാണ് സൂചനകൾ നീങ്ങുന്നത്. അടുത്തിടെ, പെൺകുട്ടികളെയും യുവതികളെയും ഉപയോഗിച്ച് സംഘടന നിരവധി ചാവേർ സ്ഫോടനങ്ങൾ നടത്തിയിരുന്നു.

ബോക്കോ ഹറാമിന്റെ ശക്തികേന്ദ്രമായ സാംബിസ വനമേഖലയിൽ അവരുടെ ശക്തി നഷ്ടപ്പെടുന്നതിന്റെ പ്രതികാരമായാണ് ഈ ആക്രമണങ്ങളെന്ന് അൽജസീറ ലേഖകൻ റിപ്പോർട്ട് ചെയ്തു. സാംബിസ വനമേഖലയുടെ നിയന്ത്രണം പൂർണമായി ഇപ്പോൾ സൈന്യം കൈയടക്കിയിരിക്കുകയാണ്. സാംബിസ വനമേഖലയിലെ സൈനിക നടപടിക്കുശേഷം, നൈജീരിയയിൽ വ്യാപകമായി ആക്രമണങ്ങൾ നടത്താൻ ബോക്കോ ഹറാം തലവൻ അബുബു ഷെകാവു ഭീകരസംഘടനയിലെ അംഗങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.