ജലദോഷം അകറ്റാൻ പുതിയ വാക്സിൻ
Friday, January 13, 2017 4:08 AM IST
വിയന്ന: മരുന്ന് കഴിച്ചാൽ ഏഴു ദിവസമെന്നും ഇല്ലെങ്കിൽ ഒരാഴ്ച എന്നുമാണ് ജലദോഷം മാറാനുള്ള സമയമെന്നു പൊതുവെ പരിഹസിക്കാറുള്ളത്. അതൊക്കെ ഇനി പഴങ്കഥയാകുമെന്നാണ് കരുതുന്നത്.

വിയന്ന ജനറൽ ആശുപത്രിയിലെ അമ്പത്തിമൂന്നുകാരനായ ഡോ. റുഡോൾഫ് വാലെന്റയും അദ്ദേഹത്തിന്റെ ലാബ് ടീമുമാണ് കണ്ടുപിടുത്തത്തിന് പിന്നിൽ. ു.

മഞ്ഞുകാലത്ത് നിരവധിപേരാണ് ജലദോഷവും ചുമയും തൊണ്ടവേദനയുമൊക്കെയായി കഷ്‌ടപ്പെടുന്നത്. പുതിയ വാക്സിൻ ഈ അവസ്‌ഥയ്ക്ക് അതിശക്‌തമായ മറുപടിയായിരിക്കുമെന്നാണ് അനുമാനിക്കുന്നത്.

രോഗപ്രതിരോധ പ്രതികരണം വൈറസിന്റെ മറ്റു ഭാഗങ്ങളിലേക്കും നയിക്കുക എന്ന തന്ത്രമാണ് ഗവേഷണത്തിൽ കണ്ടെത്തിയത്. വൈറസിന്റെ തെറ്റായ ഭാഗത്താണ് രോഗപ്രതിരോധശേഷി പ്രവർത്തിക്കുന്നതെന്നു ചെറിയ കുട്ടികളിൽ അലർജി റിനിറ്റിസിന്റെ വ്യാപനം പഠിച്ചപ്പോൾ അദ്ദേഹത്തിന് മനസിലായി. ഈ തെറ്റ് മനസിലാക്കിയ ഡോക്ടറും സംഘവും പ്രോട്ടീൻ ശൃംഖലകളിലേയ്ക്ക് പോകുന്ന ഒരു മറുമരുന്ന് പാകപ്പെടുത്തി പരീക്ഷിക്കുകയായിരുന്നു.

പേറ്റന്റ് രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെങ്കിലും വാക്സിനേഷൻ പൊതുജനങ്ങൾക്ക് ലഭ്യമാകണമെങ്കിൽ കുറച്ചു സമയംകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.

റിപ്പോർട്ട്: ജോബി ആന്റണി