മലിനീകരണ തട്ടിപ്പ്: ഫോക്സ് വാഗൺ ഡയറക്ടർമാർ നേരത്തേ അറിഞ്ഞിരുന്നു
Thursday, January 12, 2017 10:18 AM IST
ബെർലിൻ: ഫോക്സ് വാഗൺ കമ്പനിയുടെ ഡയറക്ടർമാർ മലിനീകരണ തട്ടിപ്പിനെക്കുറിച്ച് വൈകിയാണ് അറിഞ്ഞതെന്ന അവകാശവാദം പൊളിയുന്നു. അറിഞ്ഞു എന്ന് ഇവർ പറയുന്നതിന് ഒരു മാസം മുമ്പേങ്കിലും വിവരങ്ങൾ അവർക്ക് വ്യക്‌തമായിരുന്നു എന്നാണ് പുതിയ വിവരം.

മലിനീകരണം കുറച്ചു കാണിക്കാനുള്ള സോഫ്റ്റ്വെയർ ഡീസൽ കാറുകളിൽ ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് നാലു ബില്യണിലേറെ യൂറോയാണ് കമ്പനി നഷ്‌ടപരിഹാരമായി നൽകാൻ പോകുന്നത്. 11 മില്യൺ കാറുകളിൽ ഇത്തരം തട്ടിപ്പു നടത്തിയിരുന്നുവെന്നും വ്യക്‌തമായിരുന്നു.

നിർദിഷ്‌ട അളവിന്റെ നാല്പതു മടങ്ങ് വരെ അധികമാണ് ഈ കാറുകൾ വരുത്തിയിരുന്ന മലിനീകരണം.

2015 ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ മാത്രമാണ് അന്നത്തെ ചെയർമാൻ മാർട്ടിൻ വിന്റർകോം ഈ വിവരമറിഞ്ഞതെന്നാണ് കമ്പനി അധികൃതർ മുമ്പ് അവകാശപ്പെട്ടിരുന്നത്. സെപ്റ്റംബറിലാണ് വിവാദം പൊട്ടിപ്പുറപ്പെടുന്നത്.

എന്നാൽ, ജൂലൈ അവസാനം തന്നെ വിന്റർകോം അടക്കമുള്ള ഡയറക്ടർമാർ ഇതെക്കുറിച്ച് അറിഞ്ഞിരുന്നു എന്നാണ് രണ്ട് സുപ്രധാന സാക്ഷികൾ അമേരിക്കൻ അന്വേഷണ സംഘത്തിനു മൊഴി നൽകിയിരിക്കുന്നതെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്തായാലും അമേരിക്കയിൽ വിറ്റ വാഹനങ്ങളുടെ നഷ്ടപരിഹാരമായി 4.3 ബില്യൺ ഡോളർ അവിടുത്തെ വാഹന ഉടമകൾക്ക് നൽകാമെന്ന് ഫോക്സ് വാഗൺ കമ്പനി അറിയിച്ചുകഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ