ഇറ്റാലിയൻ തൊഴിൽ നിയമ പരിഷ്കരണത്തിനെതിരായ ഹർജി തള്ളി
Thursday, January 12, 2017 10:18 AM IST
റോം: ഇറ്റാലിയൻ തൊഴിൽ വിപണിയിൽ നടപ്പാക്കിയ നിർണായക പരിഷ്കാരത്തിനെതിരേ സമർപ്പിക്കപ്പെട്ട ഹർജി ഭരണഘടനാ കോടതി തള്ളി.

മാറ്റിയോ റെൻസി പ്രധാനമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതികളിലൊന്ന് എന്ന നിലയിൽ നടപ്പാക്കിയ പരിഷ്കാരം തുടരുന്ന കാര്യത്തിൽ ജനഹിത പരിശോധന നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

രാജ്യത്തെ തൊഴിലാളി യൂണിയനുകൾക്ക് ശക്‌തമായ തിരിച്ചടിയായാണ് ഭരണഘടനാ കോടതി വിധി വിലയിരുത്തപ്പെടുന്നത്. എന്നാൽ, അടുത്ത വർഷം ആദ്യം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിക്ക് ഇതു വലിയ ആശ്വാസവുമായി. റെൻസിയുടെ തിരിച്ചുവരവിനു കളമൊരുക്കാൻ വരെ ഇതുവഴി സാധിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ