മുതിർന്ന പൗരൻമാരുടെ പെൻഷൻ ഇരട്ടിയാക്കി ഡൽഹി സർക്കാർ
Saturday, January 7, 2017 7:46 AM IST
ന്യൂഡൽഹി: മുതിർന്ന പൗരൻമാർക്കും സ്ത്രീകൾക്കും വൻ ആനുകൂല്യങ്ങളുമായി ഡൽഹി സർക്കാർ. മുതിർന്ന പൗരൻമാർ, സ്ത്രീകൾ, 12,000 രൂപവരെ വാർഷിക വരുമാനമുള്ളവർ എന്നിവരുടെ പെൻഷനിൽ വൻ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്.

മുതിർന്ന പൗരൻമാരിൽ 60—69 വയസ് വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കുള്ള വാർധക്യ പെൻഷൻ 1000 രൂപയിൽനിന്ന് 2000 രൂപയാക്കി വർധിപ്പിച്ചു. ഫലത്തിൽ 100 ശതമാനം വർധനവ്. 70 വയസിന് മുകളിലുള്ളവരുടെ പെൻഷൻ 2500 രൂപയായും ഉയർത്തി. നേരത്തെ, ഇത് 1500 രൂപയായിരുന്നു. ഭിന്നശേഷിക്കാർക്കും വിധവകൾക്കും സമാന പെൻഷൻ വർധനവ് വരുത്തിയിട്ടുണ്ട്.

പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുന്നവരുടെ വരുമാനപരിധി ഉയർത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ മുമ്പ് 60,000 രൂപയായിരുന്ന വരുമാന പരിധി ഒരു ലക്ഷത്തിലേക്കും ഭിന്നശേഷിക്കാരുടെ പരിധി 75,000ലേക്കും ഉയരും. എല്ലാ വിഭാഗക്കാരുടെയും പെൻഷൻ ഏറ്റവും കുറഞ്ഞത് 1000 രൂപയായും ഉയർത്തി.