ഡൽഹി മലയാളികളുടെ ആന്റണി സാറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
Wednesday, December 28, 2016 8:34 AM IST
ന്യൂഡൽഹി: പത്തൊൻപതാം വയസിൽ ഡൽഹിയിലെത്തിയ തൃശൂരിലെ അന്തിക്കാടിനടുത്തുള്ള പുത്തൻപീടികയിലെ ചിറയത്ത് ലോനാ ആന്റണി എന്ന ഡൽഹി മലയാളികളുടെ പ്രിയങ്കരനായ ആന്റണി സാർ ഇനി ഓർമകളിൽ മാത്രം.

ഡൽഹിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായി ഡൽഹി മലയാളി അസോസിയേഷനെ വളർത്തി എടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച സി.എൽ. സാറിനെ ഒരു നോക്കു കാണാനും ആദരാഞ്ജലികൾ അർപ്പിക്കുവാനുമായി ജീവിതത്തിന്റെ നാനാ തുറകളിലെ ആളുകൾ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഒത്തുകൂടി.

രാവിലെ 8.15 മുതൽ 10 വരെ പൊതുദർശനത്തിനുവച്ച ഭൗതിക ശരീരത്തിൽ ഡിഎംഎ പ്രസിഡന്റ് സി. കേശവൻ കുട്ടിയും ജനറൽ സെക്രട്ടറി സി. ചന്ദ്രനും പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് ഡിഎംഎ ശാഖകളെക്കൂടാതെ, കേരള എഡ്യൂക്കേഷൻ സൊസൈറ്റി, ജനസംസ്കൃതി, ഇന്റർനാഷണൽ സെന്റർ ഫോർ കഥകളി, എസ്എൻഡിപി ഡൽഹി യൂണിയൻ, എൻഎസ്എസ് ഡൽഹി, ഡൽഹി വിശ്വകർമ്മ സഭ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനകൾക്കുവേണ്ടി പുഷ്പചക്രം സമർപ്പിച്ചു.

തുടർന്ന് വസുന്ധര എൻക്ലേവിലെ മംഗൾ അപ്പാർട്ട് മെന്റിലെ അദ്ദേഹത്തിന്റെ വസതിയിൽ 11 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ പൊതു ദർശനത്തിനു വച്ചു. വൈകുന്നേരം 4.:30ന് ബുറാഡിയിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിച്ചു.

ആന്റണി സാറിനോടുള്ള ആദരസൂചകമായി ഡിഎംഎയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 29ന് വൈകുന്നേരം 6.30ന് ആർ.കെ. പുരത്തെ ഡിഎംഎ ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക സംഘടനകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി