ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ മണ്ഡല പൂജാ മഹോത്സവം
Monday, December 19, 2016 9:02 AM IST
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്1 ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ഇരുപതാമത് മണ്ഡല പൂജാ മഹോത്സവം സമാപിച്ചു. ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിലെ പൂജാ പാർക്കിൽ രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കംകുറിച്ചു. ശ്രീജിത്ത് നമ്പൂതിരി മുഖ്യ കാർമികനും സേതുരാമൻ സ്വാമി പാരികർമ്മിയും ആയിരുന്നു.

പ്രഭാത പൂജകൾക്കുശേഷം ചില്ലാ അയ്യപ്പ പൂജാ സമിതിയിലെ സന്തോഷ് നാരങ്ങാനം, ശാന്തകുമാർ ശൂരനാട്, ചിത്രാ വേണുധരൻ, സുധീർമോൻ വൈക്കം, അനീഷ്, സുമേഷ് എന്നിവർ ഭക്‌തിഗാനങ്ങൾ അവതരിപ്പിച്ചു. തുടർന്നു നടന്ന ശാസ്താ പ്രീതിയിൽ എണ്ണൂറില്പരം ഭക്‌തജനങ്ങൾ പങ്കെടുത്തു.

ശ്രീ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ അയ്യപ്പൻ കോവിലിൽ നിന്നും പകർന്നു നൽകിയ നെയ്ത്തിരിയാൽ നാളികേര വിളക്കുകളിലൊരുക്കിയ തിരികൾ തെളിച്ചു. പൂത്താലമേന്തിയ ബാലികമാരും സ്ത്രീജനങ്ങളും പങ്കെടുത്ത എഴുന്നെള്ളത്തിൽ ചെറുതാഴം സജീവ മാരാരും സംഘവും വാദ്യമേളങ്ങളൊരുക്കി. കാളിയമ്മൻ അമ്മൻകുടം ബേബി സ്വാമിയും സംഘവും നയിച്ച അമ്മൻകുടം, ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിലെ കുട്ടികളുടെ കാവടിയാട്ടം എന്നിവ ആഘോഷ പരിപാടികൾക്ക് മിഴിവേകി. പ്രത്യേകം പൂജ ചെയ്ത അയ്യപ്പ സ്വാമിയുടെ ഛായാ ചിത്രവും വഹിച്ച് കടന്നുപോയ വഴികളിൽ താലപ്പൊലിയുമായി വഴിയോരങ്ങളിൽ കാത്തുനിന്ന കാഴ്ചക്കാർക്ക് ദർശന സൗഭാഗ്യമേകി. എഴുന്നള്ളത്ത് ക്ഷേത്ര സന്നിധിയിലെത്തിയപ്പോൾ പുഷ്പവൃഷ്‌ടിയോടെ ഭക്‌തജനങ്ങൾ സ്വീകരിച്ചു. മഹാ ദീപാരാധനക്കു ശേഷം വിഘ്നേശ്വര ഭജന മണ്ഡലി തിരുവല്ല അവതരിപ്പിച്ച നാമാർച്ചന ഭക്‌ത ഹൃദയങ്ങളെ ഭക്‌തി സാന്ദ്രമാക്കി. രാത്രി ലഘു ഭക്ഷണവും തുടർന്ന് പ്രസാദ വിതരണവും നടന്നു.

മണ്ഡല മഹോത്സവത്തിന് പൂജാസമിതി പ്രസിഡന്റ് പി. വിജയനും സെക്രട്ടറി മനോജ് കുമാറും ട്രഷറർ വേണുഗോപാലും നേതൃത്വം നൽകി.

റിപ്പോർട്ട്: പി.എൻ. ഷാജി