ബുർക്കിനോ ഫാസോയിൽ ഭീകരാക്രമണം; 12 സൈനികർ കൊല്ലപ്പെട്ടു
ഔഗദൂഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിൽ സൈനിക പോസ്റ്റിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ 12 സൈനികർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ നസോൺഗുവ നഗരത്തിലെ സൈനിക പോസ്റ്റിനു നേർക്കായിരുന്നു ആക്രമണം. സൈനിക ടെന്റുകൾക്കു നേരെയും സൈനിക വാഹനങ്ങൾക്കു നേരെയും ഭീകരർ വെടിയുതിർത്തു. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റു. ആക്രമണത്തിനു ശേഷം ഭീകരർ രക്ഷപെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ജനുവരിയിൽ ബുർക്കിനോ ഫാസോയിയുടെ തലസ്ഥാനമായ ഔഗദൂഗുവിൽ അൽഖ്വയ്ദ ഭീകരർ നടത്തിയ ഭീകരാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടിരുന്നു. വിദേശികൾ കൂടുതലായെത്തുന്ന സ്പ്ളെൻഡിഡ് ഹോട്ടലിന് നേർക്കാണ് ആക്രമണം നടന്നത്. ഹോട്ടലിന് പുറത്ത് കാർബോംബ് സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. 23 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ നാല് അക്രമികളെയും സൈന്യം വധിച്ചു.