അല ഡാളസ് ചാപ്റ്റർ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
Saturday, December 10, 2016 10:08 AM IST
ഗാർലന്റ്(ഡാളസ്): അമേരിക്കൻ മലയാളികളുടെ പുരോഗമന സാഹിത്യ, സാംസ്കാരിക, കലാ വേദിയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ ഡാളസ് ചാപ്റ്റർ പ്രവർത്തനോദ്ഘാടനം കേരള മുൻ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി നിർവഹിച്ചു.

തിരക്കു പിടിച്ച അമേരിക്കൻ ജീവിതത്തിനിടയിലും മലയാളി മനസിൽ ജന്മസിദ്ധമായി ലഭിച്ചിരിക്കുന്ന കലാവാസനയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് അല സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ എം.എ. ബേബി പ്രത്യേകം അഭിനന്ദിച്ചു. കല മനുഷ്യ ജീവിതത്തിലെ അഭിഭാജ്യഘടകമാണ്. കലയെ ആദരിക്കുകകയും സ്നേഹിക്കുകയും ചെയ്യുന്നതിലൂടെ സാഹോദര്യ സ്നേഹത്തിന്റെ മഹത് സന്ദേശമാണ് പ്രചരിപ്പിക്കപ്പെടുന്നത്. വിവിധ കലാ സാംസ്കാരിക സംഘടനകളിൽ പ്രവർത്തിക്കുന്നവരെ സംയോജിപ്പിച്ച് ഐക്യത്തോടെ മുന്നോട്ടു നയിക്കുന്നതിനു അലയുടെ സംഘാടകർക്ക് കഴിയട്ടെയെന്ന് എം.എ. ബേബി ആശംസിച്ചു.

നവംബർ 27ന് ഗാർലന്റ് കിയാ റസ്റ്ററന്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കോഓർഡിനേറ്റർ മനോജ് മഠത്തിൽ അധ്യക്ഷത വഹിച്ചു. അന്തരിച്ച ഫിദൽ കാസ്ട്രോ, കലാ സാഹിത്യ നായകന്മാർ എന്നിവർക്ക് ആദരാജ്‌ഞലികൾ അർപ്പിച്ച് ഒരു മിനിറ്റ് മൗനാചരണത്തിനുശേഷമാണ് യോഗ നടപടികൾ ആരംഭിച്ചത്. ചടങ്ങിൽ ഷിജി ഏബ്രഹാം (ഡാളസ് കേരള അസോസിയേഷൻ, മീന എലിസബത്ത്(നോവലിസ്റ്റ്), തോമസ് ഏബ്രഹാം, ഫിലിപ്പ് തോമസ്(വേൾഡ് മലയാളി) പോൾ സെബാസ്റ്റ്യൻ(ലയൺസ് ക്ലബ്), പി. പി. ചെറിയാൻ (പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക), ഫൊക്കാനാ മുൻ സെക്രട്ടറിയും കലയുടെ ഭാരവാഹിയുമായ ടെറൻസൺ തോമസ്, ഡോ. ജേക്കബ് തോമസ് എന്നിവർ സംസാരിച്ചു. ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനും കവിയുമായ അനശ്വർ മാമ്പിള്ളി പരിപാടി മോഡറേറ്റു ചെയ്തു.