ഡാളസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാർഷികവും ക്രിസ്മസ് ന്യൂഇയർ ആഘോഷവും ജനുവരി എട്ടിന്
Saturday, December 10, 2016 6:22 AM IST
ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാർഷികവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും 2017 ജനുവരി എട്ടിന് (ഞായർ) വൈകുന്നേരം അഞ്ചിന് കരോൾട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് മലങ്കര ഓർത്താഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ ആഘോഷിക്കുന്നു.

സമ്മേളനത്തിൽ പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിക്കും.ലിറ്റററി സൊസൈറ്റി ഓഫ് അമേരിക്ക (ലാനാ)യുടെ നാഷണൽ പ്രസിഡന്റ് ജോസ് ഓച്ചാലി വാർഷിക ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. തുടർന്നു നടക്കുന്ന ക്രിസ്മസ്, ന്യൂ ഇയർ ആഘോഷത്തിൽ കരോൾട്ടൺ മാർത്തോമ ചർച്ച് വികാരി റവ.വിജു വർഗീസ് പുതുവത്സരാശംസകൾ നേരും. യുവ ഗായിക ഐറിൻ കല്ലൂരിന്റെ ഗാനത്തോടെ വാർഷികാഘോഷ കല പരിപാടികൾക്ക് തുടക്കമിടും. റിഥം സ്കൂൾ ഓഫ് ഡാളസ് അവതരിപ്പിക്കുന്ന പുതുമയേറിയ ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസുകൾ, ബാല കലാതിലകം നടാഷ കൊക്കൊടിലിന്റെ കുച്ചിപ്പുടി നൃത്തം, വിനോദ് ചെറിയാനും സംഘവും അവതരിപ്പിക്കുന്ന നൃത്തനാടകം, ഫ്യൂഷൻ ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന ക്രിസ്മസ് സ്കിറ്റ് എന്നിവ പരിപാടികൾക്ക് മാറ്റു കൂട്ടുമെന്ന് പ്രോഗ്രാം കോഓർഡിനേറ്റർ സുകു വർഗീസ് അറിയിച്ചു. വിഭവ സമൃദ്ധമായ ന്യൂ ഇയർ ഡിന്നറോടെ പരിപാടികൾ സമാപിക്കും.

റിപ്പോർട്ട്: എബി മക്കപ്പുഴ