കുട്ടികളെ കൊലപ്പെടുത്തി അമ്മയുടെ കാമുകൻ ആത്മഹത്യ ചെയ്തു
Thursday, December 8, 2016 8:25 AM IST
ആൽബുക്കർക്ക് (ന്യൂമെക്സിക്കോ): അഞ്ചും ആറും ഒമ്പതും വയസുള്ള മൂന്നു കുട്ടികളെ കൊലപ്പെടുത്തി അമ്മയുടെ കാമുകൻ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. വെടിവയ്പിൽ മൂന്നു കുട്ടികൾ മരിക്കുകയും കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ന്യൂമെക്സിക്കോ സംസ്‌ഥാനത്തെ ആൽബുക്കർക്കിൽ ഡിസംബർ അഞ്ചിനായിരുന്നു സംഭവം.

വീട്ടിൽനിന്നും മൂന്നു കുട്ടികളേയും കൂട്ടി അമ്മ പുറത്തുപോയ സമയത്ത് കാമുകനായ ജോർജ് ദാനിയേൽ എന്ന കാമുകൻ ബലമായി വാതിൽതുറന്ന് വീടിനകത്തുപ്രവേശിക്കുകയും തിരിച്ചെത്തിയ കുട്ടികൾക്കും മാതാവിനും നേരെ പതിയിരുന്ന് വെടിയുതിർക്കുകയുമായിരുന്നു.

സംഭവത്തിൽ ന്യൂമെക്സിക്കോ ഗവർണർ സൂസന്ന മാർട്ടിനസ് കുട്ടികൾക്കുനേരെ നടന്ന വെടിവയ്പിനെ അപലപിക്കുകയും അവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ