ഡൽഹി – മീററ്റ് അതിവേഗ റെയിൽ ഇടനാഴിക്ക് അംഗീകാരം
Wednesday, December 7, 2016 10:07 AM IST
ന്യൂഡൽഹി: ഡൽഹിക്കും ഉത്തർപ്രദേശിനുമിടയിലുള്ള യാത്രാദൂരം കുറയ്ക്കാൻ ലക്ഷ്യമിട്ട് ഡൽഹി –ഗാസിയാബാദ് – മീററ്റ് അതിവേഗ റെയിൽ ഇടനാഴിക്കു എൻസിആർ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ അനുമതി ലഭിച്ചു.

92.5 കിലോമീറ്ററോളം ദൈർഘ്യമുള്ള പാതയുടെ നിർമാണം പൂർത്തിയാകുമ്പോൾ ഡൽഹിയിൽനിന്നും മീററ്റിലേയ്ക്കുള്ള യാത്രാസമയം ഒരു മണിക്കൂറായി കുറയും. 21,902 കോടി രൂപ പദ്ധതിചെലവ് പ്രതീക്ഷിക്കുന്നതാണണ് പദ്ധതി. ഇതു സംബന്ധിച്ച് കേന്ദ്ര നഗര വികസന സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകി.

ദേശീയ തലസ്‌ഥാന നഗരങ്ങളെ അതിവേഗ റെയിൽപാതയിലൂടെ കൂട്ടിയിണക്കുക എന്ന സ്വപ്ന പദ്ധതിയുടെ ആദ്യ പ്രോജക്ട് ആണ് ഡൽഹി – മീററ്റ് അതിവേഗ റെയിൽ ഇടനാഴി. പദ്ധതിയുടെ ആദ്യഘട്ടം 2018 ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും. എട്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുന്നതരത്തിലാണ് പ്രവർത്തനം. ആകെയുള്ള 92.05 കി.മീറ്ററിൽ 60 കിലോമീറ്റർ എലവേറ്റഡ് പാതയായിരിക്കും. 30 കിലോമീറ്റർ ഭൂഗർഭപാതയായി വികസിപ്പിക്കും. ആകെ 17 സ്റ്റേഷനുകളിൽ 11 എണ്ണം ആകാശത്തും ആറെണ്ണം ഭൂമിക്കടിയിലുമായിരിക്കും.