വിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതി കടന്നുകളഞ്ഞു
Wednesday, December 7, 2016 7:45 AM IST
കുക്കുകൗണ്ടി (ഷിക്കാഗൊ): വിലങ്ങണിയിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതി പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞു. വിവിയൻ മക്ക്ഗെ എന്ന മുപ്പത്തൊന്നുകാരിയാണ് രക്ഷപ്പെട്ടത്.

നവംബർ ആറിന് മോഷണക്കേസിൽ പിടിക്കപ്പെട്ട വിവിയനെ കോടതിയിൽ ഹാജരാക്കാനായിരുന്ന കൊണ്ടുവന്നത്. കോർട്ട്റുമിന്റെ പുറകിലേക്ക് മാറിയ പ്രതി കൈയിൽ നിന്നും വിലങ്ങ് ഉരിഞ്ഞു മാറ്റിയതിനുശേഷമാണ് രക്ഷപെട്ടത്. പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. വിവിയന്റെ കയ്യിൽ മാരകായുധങ്ങളോ തോക്കോ ഇല്ലെന്നും പൊതു ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും ഷെറിഫ് ഓഫീസ് അറിയിച്ചു. പ്രതിയുടെ പേരിൽ മറ്റു കേസുകൾ ഒന്നും ഇല്ലെന്നും എത്രയും വേഗം പിടികൂടാൻ കഴിയുമെന്നാണ് പോലീസ് കണക്കൂകൂട്ടൽ.

അതേസമയം വളരെയധികം സുരക്ഷാ സന്നാഹമുള്ള കോടതിയിൽ ഹാജരാക്കിയ പ്രതി എങ്ങനെ വിലങ്ങ് ഊരി രക്ഷപ്പെട്ടു എന്നതാണ് പോലീസിനെ കുഴയ്ക്കുന്ന വലിയ പ്രശ്നം.

റിപ്പോർട്ട്: പി.പി. ചെറിയാൻ