ഷിക്കാഗോ എക്യൂമെനിക്കൽ ആഘോഷങ്ങൾ അവിസ്മരണീയമായി
Wednesday, December 7, 2016 2:56 AM IST
ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ 33–മതു ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ മൂന്നാംതീയതി ശനിയാഴ്ച വൈകിട്ട് പാർക്ക് റിഡ്ജിലുള്ള മെയിൻ ഈസ്റ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.

എക്യൂമെനിക്കൽ ഗായകസംഘം ആലപിച്ച കരോൾ ഗാനങ്ങളുടെ അകമ്പടിയോടെ കൗൺസിൽ അംഗങ്ങളും, വൈദീകരും, വിശിഷ്ടാതിഥിയും ചേർന്നു നടത്തിയ ഘോഷയാത്ര, തുടർന്നു ആരാധന, പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ എന്നിവ നടത്തപ്പെട്ടു.

ക്രിസ്മസ് പ്രോഗ്രാം ചെയർമാൻ വന്ദ്യ കോർഎപ്പിസ്കോപ്പ സ്കറിയ തെലാപ്പള്ളിൽ ആരാധനയ്ക്ക് നേതൃത്വം നൽകി. പ്രോഗ്രാം കോ– ചെയർമാൻ ഫാ. മാത്യൂസ് ജോർജ് ഏവരേയും ക്രിസ്മസ് ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. തുടർന്നു എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റ് റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അധ്യക്ഷ പ്രസംഗം നടത്തി.

സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷനും എക്യൂമെനിക്കൽ കൗൺസിൽ രക്ഷാധികാരിയുമായ അഭിവന്ദ്യ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ക്രിസ്മസ് സന്ദേശം നല്കുകയും നിലവിളക്ക് തെളിയിച്ച് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ഭവനരഹിതർക്കായി നൽകുന്ന ഭവന നിർമ്മാണ പദ്ധതിയുടെ താക്കോൽ അങ്ങാടിയത്ത് പിതാവിൽ നിന്നും റവ. ഏബ്രഹാം സ്കറിയ സ്വീകരിച്ച്, നിർമിച്ച് നൽകിയ വീടിനെപ്പറ്റിയുള്ള വിവരങ്ങൾ നല്കി. തുടർന്നു വോളിബോൾ ടൂർണമെന്റിലും, ബാസ്കറ്റ് ബോൾ ടൂർണമെന്റിലും വിജയികളായവർക്ക് ട്രോഫികൾ വിതരണം ചെയ്തു. ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ ഈവർഷം പുതുതായി ഏർപ്പെടുത്തിയ പ്രവീൺ വർഗീസ് മെമ്മോറിയൽ ട്രോഫിയും, ടൂർണമെന്റ് ചെലവുകൾക്ക് അവശ്യമായ തുകയും പ്രവീൺ വർഗീസിന്റെ മാതാവ് ലവ്ലി വർഗീസ് തദവസരത്തിൽ നല്കി.



റവ.ഡോ. സോളമൻ രചിച്ച ‘വിവാഹം, സങ്കൽപവും സാഫല്യവും’ എന്ന പുസ്തകത്തിന്റെ പ്രകാശനം കൗൺസിൽ പ്രസിഡന്റ് റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ആദ്യ കോപ്പി മാർ അങ്ങാടിയത്ത് പിതാവിനു നൽകി നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി ആന്റോ കവലയ്ക്കൽ സ്പോൺസേഴ്സിനെ പരിചയപ്പെടുത്തി. പ്രശംസാഫലകങ്ങൾ അങ്ങാടിയത്ത് പിതാവ് വിതരണം ചെയ്തു. സെക്രട്ടറി ബെഞ്ചമിൻ തോമസ് നന്ദി രേഖപ്പെടുത്തി. പൊതുസമ്മേളനത്തിന്റെ എംസി പ്രോഗ്രാം ജനറൽ കൺവീനർ ജോൺസൺ കണ്ണൂക്കാടൻ ആയിരുന്നു.

എക്യൂമെനിക്കൽ കൗൺസിൽ അംഗങ്ങളായ 15 സഭാംഗങ്ങൾ അവതരിപ്പിച്ച കലാമൂല്യമുള്ളതും നല്ല സന്ദേശം നല്കുന്നതുമായ സ്കിറ്റുകൾ, നൃത്തങ്ങൾ, കരോൾ ഗാനങ്ങൾ എന്നിവ അവിസ്മരണീയമായി. എക്യൂമെനിക്കൽ ക്വയറിന്റെ ഗാനങ്ങൾ ശ്രുതിമധുരമായി. ഷിക്കാഗോ ചെണ്ടമേളം ക്ലബിന്റെ ചെണ്ടമേളം കലാപരിപാടികൾക്ക് മികവുകൂട്ടി. കലാപരിപാടികളുടെ എംസിയായി അലീന ഡാനിയേലും, സിമി ജോസഫും പ്രവർത്തിച്ചു.

ക്രിസ്മസ് പ്രോഗ്രാമിന്റെ വിജയത്തിനായി വെരി റവ. കോർഎപ്പിസ്കോപ്പ സ്കറിയ തെലാപ്പള്ളിൽ, റവ.ഫാ. മാത്യൂസ് ജോർജ് എന്നിവർ ചെയർമാൻമാരായും, ജോൺസൺ കണ്ണൂക്കാടൻ (കൺവീനർ), രഞ്ജൻ ഏബ്രഹാം (ജോ. കൺവീനർ), ജോർജ് പി. മാത്യു (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരും 25 പേർ അടങ്ങുന്ന ക്രിസ്തുമസ് പ്രോഗ്രാം കമ്മിറ്റിയും വിജയത്തിനായി പ്രവർത്തിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ (പ്രസിഡന്റ്), റവ.ഫാ. ബാബു മഠത്തിൽപ്പറമ്പിൽ (വൈസ് പ്രസിഡന്റ്), ബെഞ്ചമിൻ തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കൽ (ജോ. സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറർ) എന്നിവരും പ്രോഗ്രാമിനു നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം