മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം: അഫ്ഗാൻ അഭയാർഥിയെ പോലീസ് അറസ്റ്റുചെയ്തു
Tuesday, December 6, 2016 10:07 AM IST
മെഡിക്കൽ വിദ്യാർഥിനിയുടെ മരണം: അഫ്ഗാൻ അഭയാർഥിയെ പോലീസ് അറസ്റ്റുചെയ്തു

ബർലിൻ: രാജ്യത്തെ നടുക്കിയ കൊലപാതകമെന്നു വിശേഷിപ്പിക്കാവുന്ന ജർമൻ മെഡിക്കൽ വിദ്യാർഥിനിയുടെ മരണത്തിനു കാരണക്കാരനായ പതിനേഴുകാരനായ അഫ്ഗാൻ അഭയാർഥിയെ ജർമൻ പോലീസ് തിരിച്ചറിഞ്ഞു.

ഫ്രൈബുർഗ് യൂണിവേഴ്സിറ്റിയിൽ മെഡിസിൻ വിദ്യാർഥിനിയായ മരിയ എന്ന പത്തൊൻപതുകാരിയെ ഒക്ടോബർ 16 ന് ഫ്രൈബുർഗിലെ ഡ്രൈസാം പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അബദ്ധത്തിൽ വെള്ളത്തിൽ വീണു മരിച്ചതാണെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാൽ വിദഗ്ധ പരിശോധനയിലാണ് കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. തുടർന്ന് ഡിഎൻഎ ടെസ്റ്റിലൂടെ യുവതി മാനഭംഗത്തിനിരയായതായും തെളിഞ്ഞു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഹുസൈൻ എന്ന അഫ്ഗാൻ അഭയാർഥി യുവാവിനെ ഡിഎൻഎ ടെസ്റ്റിനു വിധേയമാക്കിയപ്പോഴാണ് കൊടുംക്രൂരമായ കൊലപാതകത്തിന്റെ ചുരുൾ നിവർന്നത്.

യൂണിവേഴ്സിറ്റിയിൽ നിന്നും പഠനം കഴിഞ്ഞു തിരിച്ചു സൈക്കളിൽ വീട്ടിലേയ്ക്കുപോയ മരിയയെ ഹുസൈൻ ക്രൂരമായി പീഡിപ്പിച്ചശേഷം പുഴയിൽ മുക്കിക്കൊല്ലുകയായിരുന്നു. കൊലപാതകം നടന്ന് 50 ദിവസങ്ങൾക്കു ശേഷമാണ് സംഭവത്തിന്റെ സത്യാവസ്‌ഥ പുറത്തുവരുന്നത്. യൂറോപ്യൻ യൂണിയൻ പാർലമെന്റിലെ ഒരുന്നതന്റെ മകളാണ് കൊല്ലപ്പെട്ട മരിയ.

അഫയാർഥികളുടെ കടന്നുകയറ്റത്തിൽ അസ്വസ്‌ഥരായ ജർമൻകാർ ഈ സംഭവത്തിലൂടെ അഭയാർഥികളിൽ നിന്നും വീണ്ടും അകലുകയാണ്. അഭയാർഥികൾ എല്ലാതന്നെ സംസ്കാരശൂന്യരും കൊലപാതകികളുമാണെന്ന് ജർമൻ ജനത ഒറ്റക്കെട്ടായി തുറന്നുപറയുമ്പോൾ മെർക്കൽ ഇതിനെ ഇപ്പോഴും ന്യായീകരിക്കുകയാണ്. അഭയാർഥികളെ അടച്ചാക്ഷേിക്കരുതെന്നാണ് മെർക്കലിന്റെ വാദം. ഇത് ചിലപ്പോൾ അടുത്ത തെരഞ്ഞെടുപ്പിൽ മെർക്കലിന് തരിച്ചടിയായേക്കുമെന്ന സൂചനയും കാണുന്നുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ