നിയുക്‌ത മിസൗറി ഗവർണറുടെ ഭാര്യ കവർച്ചക്കിരയായി
Tuesday, December 6, 2016 7:31 AM IST
സെന്റ്ലൂയിസ്: മിസൗറി റിപ്പബ്ലിക്കൻ ഗവർണറായി തെരഞ്ഞടുക്കപ്പെട്ട എറിക്ക് ഗ്രിറ്റൻസിന്റെ ഭാര്യയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

സംഭവം സംബന്ധിച്ച് നിയുക്‌ത ഗവർണർ തന്നെയാണ് വെളിപ്പെടുത്തിയത്. സെന്റ് ലൂയിസിലുളള താമസ സ്‌ഥലത്തിനടുത്താണ് സംഭവം. കവർച്ച നടന്നുവെങ്കിലും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ഗവർണറും ഭാര്യയും.

ട്രംപിനെ പോലെ യാതൊരു രാഷ്ര്‌ടീയ പാരമ്പര്യവുമില്ലാത്ത എറിക്ക് റിപ്പബ്ലിക്കൻ സ്‌ഥാനാർഥിയായി മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പോലീസ് ഓഫീസർമാർ കൊല്ലപ്പെടുന്ന സംഭവത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തിയ അദ്ദേഹം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുകയും ചെയ്യുമെന്ന് അടുത്തയിടയാണ് പ്രഖ്യാപനം നടത്തിയത്.

അതേസമയം സംസ്‌ഥാനത്തെ പ്രഥമ വനിതയെ കവർച്ച ചെയ്തവരെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ