എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്: ഷിക്കാഗോ ജേതാക്കൾ
Tuesday, December 6, 2016 4:13 AM IST
ഷിക്കാഗോ: പതിനൊന്നാമതു എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിൽ മധുരപ്രതികാരത്തോടു കൂടി ഷിക്കാഗോ ടീം കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ താമ്പാ ടൈഗേഴ്സിനെ പരാജയപ്പെടുത്തിയാണ് കിരീടത്തിൽ മുത്തമിട്ടത്.

അമേരിക്കൻ വോളിബോൾ പ്രേമികളുടെ പ്രിയങ്കരനും കേരള യൂണിവേഴ്സിറ്റി കളിക്കാരനുമായിരുന്ന നടുപ്പറമ്പിൽ എൻ.കെ. ലൂക്കോസിന്റെ പാവനസ്മരണയ്ക്കായി പ്രതിവർഷം നടത്തിവരുന്ന വോളിബോൾ ടൂർണമെന്റിന്റെ പതിനൊന്നാമതു ടൂർണമെന്റിൽ ഷിക്കാഗോ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി.

ഷോൺ കദളിമറ്റം, അഭിലാഷ്, ലെറിൻ മാത്യു, റിന്റു ഫിലിപ്പ്, ജോസ് മണക്കാട്ട്, മെറിൻ മംഗലേൾരി, നിധിൻ തോമസ്, സനൽ കദളിമറ്റം, ടോണി ജോർജ്, സിബി കദളിമറ്റം, പ്രദീപ് തോമസ് (കോച്ച്), ജോമോൻ തൊടുകയിൽ (മാനേജർ) എിവരാണു ഷിക്കാഗോ ടീമിന്റെ വിജയശില്പികൾ.

ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബും, ന്യൂയോർക്ക് സ്പൈക്കേഴ്സും സംയുക്‌തമായി പ്രശസ്ത സെന്റ് ജോസ് യൂണിവേഴ്സിറ്റിയിൽ വച്ചായിരുന്നു ഈ ഉത്സവപരമ്പര അരങ്ങേറിയത്. നോർത്ത് അമേരിക്കയിൽ നിന്നും പത്തു മലയാളി വോളിബോൾ ക്ലബുകൾ ഇതിൽ പങ്കെടുത്തു.

രാവിലെ ഒമ്പതോടുകൂടി ഉഷ നടുപ്പറമ്പിൽ ഫൗണ്ടേഷൻ പ്രസിഡന്റ് മനോഷ് നടുപ്പറമ്പിൽ, വൈസ് പ്രസിഡന്റ് പയസ് ആലപ്പാട്ട്, ആർമി ക്യാപ്റ്റൻ ജോഫിയേൽ ഫിലിപ്സ്, ജോജോ നടുപ്പറമ്പിൽ എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ച് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. രണ്ട് പൂളുകളിലായി നടന്ന വാശിയേറിയ മത്സരം കാണുവാൻ ന്യൂയോർക്കിൽ നിന്നും നോർത്ത് അമേരിക്കയിലെ മിക്ക സ്റ്റേറ്റുകളിൽ നിുമായി അനേകം വോളിബോൾ പ്രേമികൾ സാക്ഷ്യം വഹിച്ചു. സെമിഫൈനലിൽ ആതിഥേയ ടീം ആയ ന്യൂയോർക്ക് സ്പൈക്കേഴ്സിനെ പരാജയപ്പെടുത്തി ടാമ്പാ ടൈഗേഴ്സും (ഫ്ളോറിഡ), ബഫല്ലോ റോക്ക്ലാന്റ് സോൾജിയേഴ്സിനെ പരാജയപ്പെടുത്തി ഷിക്കാഗോ ടീം ഫൈനലിൽ എത്തി.

സെമിഫൈനലിനു ശേഷം ഇടവേളയിൽ എൻ.കെ.എൽ.എൻ ഫൗണ്ടേഷൻ സ്പെഷൽ ചടങ്ങിൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി മെമ്പർ മി. ഡേവിഡ് ഐ വെപ്രിൻ സന്നിഹിതനായിരുന്നു. തദവസരത്തിൽ ശാലിനി ജോബ്, വിജോയി ജോസഫ്, ടോമി തോമസ്, തമ്പു മാത്യു എന്നിവർക്ക് ഓൾ നോർത്ത് അമേരിക്കൻ മലയാളി വോളിബോൾ ഫെയിം അവാർഡ് നൽകി ആദരിച്ചു.

ന്യൂയോർക്ക് സ്പൈക്കേഴ്സിന്റെ സ്‌ഥാപകനേതാക്കളിൽ ഒരാളായ ജോർജ് കുര്യനു ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.

അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ ഒരു സെറ്റിന് എതിരെ രണ്ടു സെറ്റുകൾ എടുത്ത് (സ്കോർ 26–24, 22–25, 17–15) ഷിക്കാഗോ ടീം വിജയികളായി. എം.വി.പി റിന്റു ഫിലിപ്പ് (ഷിക്കാഗോ), ബെസ്റ്റ് ഒഫൻസ്– റോബിൻ ജോസഫ് (താമ്പാ), ബെസ്റ്റ് സെറ്റർ – നിധിൻ തോമസ് (ഷിക്കാഗോ), ബെസ്റ്റ് ഒഫൻസ് മെറിൽ മംഗലേൾരിൽ (ഷിക്കാഗോ). വിജയികൾക്ക് ഫൗണ്ടേഷൻ ഭാരവാഹികളും സ്പോസർമാരും ചേർന്നു ട്രോഫികൾ വിതരണം ചെയ്തു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം