ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾ നടന്നുവരുന്നു
Monday, December 5, 2016 4:53 AM IST
ഡാളസ്: വൃശ്ചികമാസാരംഭമായ നവംബർ 16 മുതൽ ദിവസവും വൈകുന്നേരംഏഴിനു ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അയ്യപ്പ പൂജകൾ തുടർന്നുവരുന്നു. ക്ഷേത്ര ശാന്തിമാരായ വിനയൻ നീലമനയും, പദ്മനാഭൻ ഇരിഞ്ഞാടപ്പള്ളിയുമാണ് പൂജകൾ നിർവഹിക്കുന്നത്. ശ്രീധർമശാസ്‌ഥാ സന്നിധിയിൽ പതിനെട്ട് പടികൾ സ്‌ഥാപിച്ച്., ഓരോ പടികളിലും ദീപം തെളിയിച്ച്, പതിനെട്ടാം പടിയെ സ്തുതിക്കുന്ന പടി പാട്ടും പാടിയാണ് അയ്യപ്പൻമാർ ചടങ്ങുകളിൽ പങ്കുചേരുന്നത്. ഗുരു സ്വാമിമാരായ സോമൻനായരും, ഗോപാല പിള്ളയും ഈ വർഷത്തെ കെട്ടുനിറക്കും, ശരണ ഹോഷ യാത്രക്കും നേതൃത്യം നൽകും. അനേകം അയ്യപ്പ ഭക്‌തർ, ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീധർമ്മശാസ്‌ഥാ സന്നിധിയിൽ വന്നു മുദ്രമാല അണിഞ്ഞ് ശബരിമല തീർത്ഥാടനത്തിനു പുറപ്പെടുന്നുണ്ടെന്ന് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാല പിള്ള അറിയിച്ചു.



ക്ഷേത്രത്തിലെ ഭജന സംഘം മണ്ഡലകാലത്തിൽ അയ്യപ്പ ഭക്‌തരുടെ ഭവനങ്ങൾ സന്ദർശിച്ച് അയ്യപ്പ ഭജനകളും നടത്തിവരുന്നു. അയ്യപ്പ അഖണ്ഡ നാമജപം, അയ്യപ്പ ലക്ഷാർച്ചന, അയ്യപ്പ അഭിഷേകം എന്നീ ചടങ്ങുകളും മണ്ഡല കാലത്ത് ക്ഷേത്രത്തിൽ നടത്തപെടുന്നു. ഡിസംബർ 26–നു നടക്കാനിരിക്കുന്ന മഹാമണ്ഡലപൂജകൾക്ക് ഇരുമുടി കേട്ടെടുക്കുവാൻ ഉദ്ദേശിക്കുന്ന അയ്യപ്പന്മാർ ക്ഷേത്രത്തിൽ പേര് രെജിസ്റ്റർ ചെയ്യണമെന്ന് ട്രസ്റ്റി ചെയർമാൻ ഹരിപിള്ള അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: സന്തോഷ് പിള്ള