ഘാനയിൽ വ്യാജ യുഎസ് എംബസി കണ്ടെത്തി
Monday, December 5, 2016 2:42 AM IST
അക്രാ: ആഫ്രിക്കൻ രാജ്യമായ ഘാനയിൽ പത്തുവർഷമായി പ്രവർത്തിക്കുന്ന വ്യാജ യുഎസ് എംബസി കണ്ടെത്തി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ അറിവില്ലാതെ പ്രവർത്തിച്ചിരുന്നതാണെങ്കിലും എംബസിയിൽ നിന്നു വിതരണം ചെയ്ത യുഎസ് വീസകളും മറ്റു രേഖകളും ആധികാരികമായിരുന്നു.

ഒരു കൊള്ള സംഘമാണ് തലസ്ഥാനമായ അക്രായിൽ വ്യാജ എംബസി സ്ഥാപിച്ചു പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ, ഇവർക്ക് യഥാർഥ വീസകളും രേഖകളും എങ്ങനെ സംഘടിപ്പിക്കാനായെന്നു വ്യക്തമല്ല. ഇമിഗ്രേഷൻ നിയമവും ക്രിമിനൽനിയമവും പ്രാക്ടീസ്ചെയ്യുന്ന ഘാനയിലെ ഒരുദ്യോഗസ്ഥന്റെ ഒത്താശയോടുകൂടിയാണു സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് അനുമാനിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് പ്രസ്താവനയിൽ പറഞ്ഞു. ഇംഗ്ലീഷും ഡച്ചും സംസാരിക്കാനറിയാവുന്ന തുർക്കി പൗരന്മാരാണ് വീസ ഓഫീസർമാർ എന്ന വ്യാജേന ഇവിടെ ജോലി ചെയ്തിരുന്നത്.

ഘാനയുടെ തലസ്ഥാനമായ അക്രായിൽ തകർന്നു വീഴാറായ കെട്ടിടത്തിലായിരുന്നു വ്യാജ എംബസി. കെട്ടിടത്തിന്റെ മുകളിൽ അമേരിക്കൻ പതാകഉയർത്തിയിട്ടുണ്ട്. ഓഫീസ് മുറിക്കുള്ളിൽ പ്രസിഡന്റ് ഒബാമയുടെ ചിത്രവും വച്ചിട്ടുണ്ട്.

ആറായിരം ഡോളർ വീതം ഈടാക്കിയാണ് കൊള്ളസംഘം വീസകൾ വിറ്റിരുന്നത്. നിയമവിരുദ്ധമായി വില്പന നടത്തിയെങ്കിലും വീസകൾ ആധികാരികമായിരുന്നുവെന്നതാണു രസകരം. എത്രവീസകൾ വിറ്റുപോയെന്നു വ്യക്തമല്ല. അക്രായിൽ വ്യാജ ഡച്ച് എംബസിയും കണ്ടെത്തിയെന്നു റിപ്പോർട്ടുണ്ട്. എന്നാൽ, നെതർലൻഡ്സ് സർക്കാർ ഇതു സ്ഥിരീകരിച്ചിട്ടില്ല.