യൂറോപ്പ് കുരുതിക്കളമാക്കാൻ ഐഎസ് ഒരുങ്ങുന്നുവെന്ന് യൂറോപോൾ
Saturday, December 3, 2016 10:37 AM IST
ബർലിൻ: യൂറോപ്പിനെ വീണ്ടും കുരുതിക്കളമാൻ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാർ തയാറെടുക്കുന്നതായി യൂറോപോൾ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി. ആക്രമണം നടത്തുന്നതിനായി പദ്ധതികളുടെ വിശകലനം തയാറാക്കിയ ഡസൻ കണക്കിന് ഐഎസ് ഭീകരർ യൂറോപ്പിൽ കടന്നതായിട്ടാണ് യൂറോപ്യൻ പോലീസിന്റെ വെളിപ്പെടുത്തൽ. കാർബോംബ് സ്ഫോടനം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി തുടങ്ങിയ മുറകളായിരിക്കും ഇവർ ഉപയോഗിക്കുകയെന്നും യൂറോപോൾ വ്യക്‌തമാക്കുന്നു. ഐഎസിന്റെ ഇത്തരത്തിലുള്ള ഭീഷണി ശക്‌തമായിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

2015 ജനുവരിയിൽ പാരീസ് കൂട്ടക്കൊല (ചാർലി എബ്ദോ), നവംബറിൽ പാരീസിലെ സംഗീത പരിപാടിക്കിടയിലെ കൂട്ടക്കൊല, 2016 മാർച്ചിൽ ബ്രസൽസ് എയർപോർട്ടിലെ ചാവേർ ബോംബ്, ജൂലൈയിൽ നോർത്തേൺ ഫ്രഞ്ച് നഗരമായ നൈസിൽ നടത്തിയ കൂട്ടക്കൊല, ജൂലൈയിൽ ജർമനിയിൽ നടത്തിയ വെടിവയ്പ്, ജൂലൈയിൽ പാരീസിൽ ദിവ്യബലിക്കിടെ പുരോഹിതനെ കഴുത്തറത്തു കൊലപ്പെടുത്തിയത് തുടങ്ങിയവയാണ് ഐഎസ് ഭീകരരുടെ യൂറോപ്പിനെ നടുക്കിയ മുൻസംഭവങ്ങൾ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ