സമൂഹ വിവാഹം സംഘടിപ്പിച്ച് അമേരിക്കൻ മലയാളി മാതൃകയായി
Saturday, December 3, 2016 8:13 AM IST
ഡാളസ്: വ്യത്യസ്ത മതങ്ങളിൽപ്പെട്ട നിർധന യുവതീ യുവാക്കളുടെ വിവാഹം മംഗളകരമായി നടത്തിക്കൊടുത്ത് അമേരിക്കൻ മലയാളി വർഗീസ് ചാമത്തിൽ മാതൃകയായി. തിരുവല്ല ലയൺസ് ഭവനിൽ നവംബർ ആദ്യ വാരം സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ ലയൺസ് ക്ലബ് സോൺ ചെയർ പേഴ്സൺ ശ്രീജിത്ത്, മഹാലക്ഷ്മി സിൽക്സ് ഉടമ വിനോദ് കുമാർ, കുന്നന്താനം ലയൺസ് പ്രസിഡന്റ് ബ്ലസൻ ജോർജ്, റീജണൽ ചെയർമാൻ ജേക്കബ് മാമ്മൻ, ഫാ. റോജൻ രാജൻ, ശാന്തീഗ്രാം ഡയറക്ടർ എൽ. പങ്കജാഷൻ, വി. അജീഷ് കുമാർ ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായിരുന്നു.

ജാതി മത ഭേദമില്ലാതെ വിവാഹ ചടങ്ങിന്റെ മുഴുവൻ ചെലവും വഹിച്ചത് വർഗീസ് ചാമത്തിൽ ചാരിറ്റബിൾ സൊസൈറ്റിയാണ്. പാംഹിൽ ലയൺസ് ക്ലബ്, ശാന്തിഗ്രാം പ്രവർത്തകരാണ് വിവാഹ ചടങ്ങുകളുടെ ഒരുക്കങ്ങൾ ക്രമീകരിച്ചത്. ലഭിച്ച നന്മകൾ മറ്റുളളവർക്കുകൂടി പങ്കിടുമ്പോൾ ലഭിക്കുന്ന ആത്മനിർവൃതി അവർണനീയമാണെന്ന് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൂടിയായ ചാമത്തിൽ പറഞ്ഞു. ഇനിയും കൂടുതൽ സമൂഹ വിവാഹ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന് തയാറാണെന്നും ഇത്തരം ചാരിറ്റബിൾ പ്രവർത്തനങ്ങളിൽ സഹകരിക്കുവാൻ താത്പര്യമുളളവർ ബന്ധപ്പെട്ടാൽ അവർക്ക് അവസരം ലഭിക്കുമെന്നും വർഗീസ് ചാമത്തിൽ പറഞ്ഞു.

നാലു പതിറ്റാണ്ടുകാലമായി ഡാളസ് ഫോർട്ട് വർത്ത് സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ചാമത്തിൽ അമേരിക്കൻ ലയൺസ് ക്ലബുമായി സഹകരിച്ചു പ്രാദേശിക തലത്തിലും ചാരിറ്റി പ്രവർത്തനം നടത്തിവരുന്നുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ