സോഷ്യൽ ക്ലബ് മലയാളം പ്രശ്നോത്തരി: ഇന്ത്യൻ സ്കൂൾ ഗോബ്രയ്ക്ക് വൻ വിജയം
Saturday, December 3, 2016 3:07 AM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ‘എന്റെ കേരളം’ മലയാളം പ്രശ്നോത്തരിയിൽ ഇന്ത്യൻ സ്കൂൾ ഗോബ്ര സമ്മാനങ്ങൾ തൂത്തുവാരി.

സോഷ്യൽ ക്ലബ്ബിന്റെ മൾട്ടി പർപ്പസ് ഹാളിൽ വെച്ചു നടത്തിയ മത്സരം ഒമാനിലെ ഒട്ടുമിക്ക ഇന്ത്യൻ സ്കൂളുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. പ്രേമചന്ദ്രൻ ആണ് ക്വിസ് നയിച്ചത്. മൾട്ടി മീഡിയയുടെ സഹായത്തോടെ നടത്തിയ പ്രശ്നോത്തരി മാതാപിതാക്കളുടെയും, അധ്യാപകരുടെയും വൻ സാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.

സീനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ഗോബ്രയിലെ സൗരഭ് ശിവപ്രസാദ്, സിദ്ധാർഥ് സജീവ്, മാളവിക ശിവപ്രസാദ് എന്നിവർ ഒന്നാമതെത്തി. ഗോബ്രാ സ്കൂളിലെ തന്നെ വൈഷ്ണവ് എസ് നായർ, അഖിൽ ഗോപികുമാർ, ലക്ഷ്മി എച് സജീവ് രണ്ടും, അശ്വിൻ വിനോദ്, തോമസ് ഐസക്, സിദ്ധാർഥ് സജീവ് എന്നിവരടങ്ങിയ ടീ0 മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ സീബ് സ്കൂളിലെ റാണ.സി.കെ, നിരഞ്ജന. എ, ഐശ്വര്യ.എം.പി എന്നിവരടങ്ങിയ ടീ0 ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. ഗോബ്രാ സ്കൂൾ രണ്ടാം സ്‌ഥാനവും, ഇന്ത്യൻ സ്കൂൾ ഡാർസയിറ്റ് മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.പവിത്ര നായർ, നിരഞ്ജൻ ജിതീഷ്, അലൻ സജി
എന്നിവർ ഗോബ്രായേയും പ്രണവ് വിനോദ്പിള്ള, ഗംഗ.കെ.ഗിരീഷ്, ഐഷ റീം എന്നിവർ ഐഎസ്ഡി സ്കൂൾ ടീമംഗങ്ങളായിരുന്നു.

ഡിസംബർ പതിനാറിന് മസ്കറ്റിൽ വച്ചു നടത്തുന്ന കേരളോത്സവം പരിപാടിയിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ സാഹിത്യകാരന്മാരായ പ്രൊഫ. മധുസൂദനൻ നായർ, സക്കറിയ, സേതു എന്നിവരുടെ സാന്നിധ്യത്തിൽ വിതരണം ചെയ്യുമെന്ന് കൺവീനർ ജി.കെ. കാരണവർ പത്രക്കുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം