ജർമനിയിലെ അഞ്ചിലൊന്ന് സംരംഭകരും വിദേശ വേരുകളുള്ളവർ
Friday, December 2, 2016 10:13 AM IST
ബർലിൻ: ജർമനിയിലെ കുടിയേറ്റ വിഭാഗങ്ങൾക്കിടയിൽ സംരംഭകത്വ പ്രവണത ആരോഗ്യകരമായ രീതിയിൽ വർധിച്ചു വരുന്നു എന്ന് കണക്ക്. കഴിഞ്ഞ വർഷം രാജ്യത്ത് പുതുതായി തുടങ്ങിയ വ്യവസായങ്ങളിൽ 44 ശതമാനവും വിദേശ വംശജരുടെ വകയായിരുന്നു. ഇപ്പോൾ രാജ്യത്തുള്ള ആകെ വ്യവസായ സംരംഭങ്ങളിൽ അഞ്ചിലൊന്നും അവരുടേതാണെന്നും കണക്കുകളിൽ വ്യക്‌തമാകുന്നു.

2005 മുതലുള്ള പത്തു വർഷത്തിനിടെ വിദേശങ്ങളിൽനിന്നുള്ള സ്വതന്ത്ര വ്യവസായ സംരംഭകരുടെ എണ്ണത്തിൽ മുപ്പതു ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,71,000 പേരിൽനിന്ന് 7,37,000 പേരായാണ് വർധന. ഇക്കണോമിക് അഫയേഴ്സ് മന്ത്രാലയം നടത്തിയ പഠനത്തിലാണ് ഈ കണക്കുകൾ ലഭ്യമായത്.

ഇതേ കാലയളവിൽ ജർമൻ വംശജരുടെ വ്യവസായ സംരംഭങ്ങളുടെ എണ്ണത്തിൽ മൂന്നു ശതമാനം കുറവാണു വന്നത്. അതായത്, തൊണ്ണൂറായിരത്തിന്റെ കുറവ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ