ഡിട്രോയിറ്റ് ഹിന്ദു സംഗമത്തിന് നാഷ്വില്ലിൽ തയാറെടുപ്പുകൾ ആരംഭിച്ചു
Friday, December 2, 2016 10:12 AM IST
ഷിക്കാഗോ: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ഡിട്രോയ്റ്റിൽ നടത്തുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ ശുഭാരംഭവും രജിസ്ട്രേഷനും ഭക്‌തിഗാനസന്ധ്യയും നിർമാല്യം പ്രാർഥന സംഘത്തിന്റെ ആഭിമുഖ്യത്തിൽ നാഷ്വില്ലിൽ നടന്നു.

കുമാരി കല്യാണിയുടെ ഗണേശ സ്തുതിയോടെ ആരംഭിച്ച ഹൈന്ദവ കുടുംബസംഗമത്തിൽ കെഎച്ച്എൻഎ പ്രസിഡന്റ് സുരേന്ദ്രൻ നായർ, ജനറൽ സെക്രട്ടറി രാജേഷ് കുട്ടി, കൺവൻഷൻ ചെയർമാൻ രാജേഷ് നായർ എന്നിവർ മുഖ്യാതിഥികളായിരുന്നു. കഴിഞ്ഞ ഒന്നര ദശകമായി ഹൈന്ദവ ധർമത്തിന്റെ പ്രചാരണാർഥം വടക്കേ അമേരിക്കയിലും കേരളത്തിലും സംഘടന മുന്നോട്ടു വയ്ക്കുന്ന വിശ്വ സാഹോദര്യത്തിന്റെ വിശാല ലക്ഷ്യങ്ങളും പ്രവർത്തനപരിപാടികളും ആമുഖ പ്രസംഗത്തിൽ സുരേന്ദ്രൻ നായർ വിശദീകരിച്ചു. ആധ്യാത്മികതയും സാമൂഹിക പ്രതിബദ്ധതയും കലാസാഹിത്യ വിരുന്നുകളും വിദ്യാഭ്യാസ– തൊഴിലധിഷ്ഠിത സെമിനാറുകളും ഉൾക്കൊള്ളുന്ന നാലു ദിവസത്തെ കാര്യപരിപാടികൾ രാജേഷ് നായർ വിശദീകരിച്ചു. കേരളീയതയും ഹൈന്ദവ ജീവിതാനുഭവങ്ങളും പുന:ർജനിക്കുന്ന ഹൈന്ദവ സമ്മേളനം ഇതര കൂട്ടായ്മകളിൽ നിന്നും എങ്ങനെ വ്യത്യസ്തമാകുമെന്നു രാജേഷ് കുട്ടി വ്യക്‌തമാക്കി.

നിർമാല്യം പ്രാർഥന സംഘത്തിന്റെ അധ്യക്ഷൻ ഗോപിനാഥ്, സൂരജ് മേനോൻ, മനോജ് നായർ എന്നിവർ നേതൃത്വം നൽകി സംഘടിപ്പിച്ച കുടുംബ സംഗമം ഡിട്രോയിറ്റ് ഹിന്ദു സംഗമത്തിന് പിന്തുണയും പ്രഖ്യാപിക്കുകയും ടെന്നസിയിൽ നിന്നു പരമാവധി കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം