മണ്ഡല പൂജാ മഹോത്സവം ഡിസംബർ 17ന്
Friday, December 2, 2016 10:08 AM IST
ന്യൂഡൽഹി: ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ഇരുപതാമത് മണ്ഡല പൂജാ മഹോത്സവം ഡിസംബർ 16, 17 (വെള്ളി, ശനി) തീയതികളിൽ ചില്ലാ ഡിഡിഎ ഫ്ളാറ്റിലെ പൂജാ പാർക്കിൽ നടക്കും.

16ന് രാവിലെ ഗണപതി ഹോമത്തോടെ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കമാകും. മലയാള മാസത്തിലെ എല്ലാ ഒന്നാം തീയതികളിലും നടത്തി വരുന്ന പ്രതിമാസ അയ്യപ്പ പൂജയും ദീപാരാധനയും തുടർന്ന് അന്നദാനവും നടക്കും.

17ന് പുലർച്ചെ 5.30ന് മഹാഗണപതി ഹോമത്തോടെ മണ്ഡല പൂജാ മഹോത്സവ പൂജകൾക്ക് ആരംഭമാവും. ഏഴിന് പ്രഭാത പൂജകൾ, 9.30ന് ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ഭജന, ഉച്ചക്ക് 12.30ന് ശാസ്താ പ്രീതി.

വൈകുന്നേരം 5.30ന് ശ്രീ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നിന്നും അയ്യപ്പ സ്വാമിയുടെ ഛായ ചിത്രവും വഹിച്ച് ഷോഷയാത്ര ആരംഭിക്കും. ചെറുതാഴം സജീവ മാരാരും സംഘത്തിന്റെയും നേതൃത്വത്തിൽ ചെണ്ടമേളം, കാളിയമ്മൻ അമ്മൻകുടം ബേബി സ്വാമിയും സംഘവും നയിക്കുന്ന അമ്മൻകുടം, ചില്ലാ ഡിഡിഎ ഫ്ളാറ്റിലെ കുട്ടികളുടെ കാവടിയാട്ടം, മൺചെരാതുകളിൽ ദീപങ്ങളും പൂത്താലവുമേന്തിയ ബാലികമാരും സ്ത്രീജനങ്ങളുടെയും ഘോഷയാത്രക്ക് അകമ്പടി സേവിക്കും. രാത്രി 7.15ന് മഹാ ദീപാരാധന, 7.30ന് ശ്രീ വിഘ്നേശ്വര ഭജന മണ്ഡലി തിരുവല്ല അവതരിപ്പിക്കുന്ന ഭജന. രാത്രി 9.30ന് ലഘു ഭക്ഷണം. തുടർന്ന് പ്രസാദ വിതരണം നടക്കും.

18ന് ഉച്ചക്ക് മണ്ഡല പൂജാ മഹോത്സവത്തിന്റെ ഭാഗമായി വർഷം തോറും നടത്തിവരുന്ന ‘അശരണർക്കായി ഒരു നേരം ആഹാരം’ എന്ന പരിപാടിയോടെ പരിപാടികൾക്ക് സമാപനമാവും.

റിപ്പോർട്ട്: കെ.എൻ. ഷാജി