ഷെയ്ഖ് സായദിന്റെ സ്വപ്നം കരുത്തുറ്റ രാഷ്ര്‌ടവും സന്തുഷ്‌ടരായ ജനങ്ങളും: ഷൈഖാ മൂസ സയ്ദ് അൽ ഒട്ടെയ്ബ
Friday, December 2, 2016 6:17 AM IST
അബുദാബി: ഒരുമയിലൂടെ കരുത്താർജിക്കുന്ന ഒരു രാഷ്ര്‌ടവും സന്തുഷ്‌ടരായ ജനങ്ങളും എന്നതായിരുന്നു യുഎഇ രാഷ്ര്‌ടപിതാവ് ഷെയ്ഖ് സായദ് ബിൻ സുൽത്താൻ അൽ നഹ്യാൻ കണ്ടിരുന്ന സ്വപ്നമെന്ന് അബുദാബി ചേംബർ ഓഫ് കോമേഴ്സ് ബോർഡ് അംഗം ഷൈഖാ മൂസ സയ്ദ് അൽ ഒട്ടെയ്ബ അനുസ്മരിച്ചു. ഇന്ത്യൻ മീഡിയ അബുദാബിയുടെ നേതൃത്വത്തിൽ യുഎഇ ആഭ്യന്തരമന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിലുള്ള അഖ്ദർ ‘ലവ് ഫോർ യുഎഇ’ സംരഭവുമായും ഇന്ത്യ സോഷ്യൽ സെന്ററുമായും സഹകരിച്ച് സംഘടിപ്പിച്ച നാല്പത്തഞ്ചാമത് യുഎഇ ദേശീയദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇയുടെ കുതിപ്പിൽ എന്നും തോളോടുതോൾ ചേർത്ത് മുന്നേറിയ ഏറ്റവും വലിയ സമൂഹമായ ഇന്ത്യക്കാരാണ് ഈ രാജ്യത്തെ ഏറ്റവും സമാധാനപ്രിയരെന്നും ഷൈഖാ മൂസ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ മീഡിയ പ്രസിഡന്റ് അനിൽ സി. ഇടിക്കുള അധ്യക്ഷത വഹിച്ചു. അൽ ഫരാജ് ഫണ്ട് മുൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹ്മദ് സയ്ദ് അൽ ബാദി, ഐഎസ്സി ആക്ടിംഗ് പ്രസിഡന്റ് രാജൻ സക്കറിയ, ഇന്ത്യൻ മീഡിയ ജനറൽ സെക്രട്ടറി മുനീർ പാണ്ഡ്യാല, ഐഎസ്സി എന്റർടൈൻമെന്റ് സെക്രട്ടറി ജോജോ അംബൂക്കൻ, ലിറ്റററി സെക്രട്ടറി ജയദേവൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ആഭ്യന്തരമന്ത്രാലയം ലവ് ഫോർ യുഎഇ (അഖ്ദർ), സെക്യൂരിറ്റി മീഡിയ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്‌ഥർ ആദരവ് ഏറ്റുവാങ്ങി.

എമിരേറ്റ്സ് ഫ്യുച്ചർ അക്കാഡമിയിലെ 45 വിദ്യാർഥികൾ ആലപിച്ച ദേശീയഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ അറബിക് പരമ്പരാഗത നൃത്തങ്ങൾ, അക്രോബാറ്റിക് ഡാൻസ്, ഖവാലി തുടങ്ങിയവ അരങ്ങേറി. യുഎഇയുടെ നാല്പത്തിയഞ്ചാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സുധീർ കൊണ്ടേരി സംവിധാനം നിർവഹിച്ച് യുഎഇ നാഷണൽ ആർക്കേവ്സും ലുലു ഗ്രൂപ്പ് ഇന്റർനാഷണലും സംയുക്‌തമായി ഒരുക്കിയ ഹൃസ്വചിത്രവും ചടങ്ങിൽ പ്രദർശിപ്പിച്ചു.

മൂന്നിന് വൈകുന്നേരം നാലിന് ‘യുഎഇ വരകളിലൂടെ’ എന്ന പരിപാടി ഖാലിദിയ മാളിൽ നടക്കും. വിവിധ കേന്ദ്രങ്ങളിൽ നടന്ന ചിത്രരചനാ മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 45 വിദ്യാർഥികൾ 45 ചിത്രങ്ങളിലൂടെ യുഎഇയുടെ ചരിത്രം അനാവരണം ചെയ്യും. ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ‘ലവ് ഫോർ യുഎഇ’ സർട്ടിഫിക്കറ്റുകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സമ്മാനിക്കും. ലുലു ഗ്രൂപ്പ്, എമിരേറ്റ്സ് ഫ്യുച്ചർ അക്കാഡമി എന്നീ സ്‌ഥാപനങ്ങളാണ് പരിപാടികളുടെ മുഖ്യപ്രായോജകർ.