സർക്കാർ ആശുപത്രികളെ കമ്പനിക്കു കീഴിൽ കൊണ്ടു വരുന്നു
Friday, December 2, 2016 6:09 AM IST
ദമാം: രാജ്യത്തെ സർക്കാർ ആശുപത്രികളും ഡിസ്പൻസറികളും ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ നിന്നും മാറ്റി പ്രത്യേക കമ്പനിക്കു കീഴിൽ കൊണ്ടു വരാൻ നീക്കം നടക്കുന്നു.

സൗദിയുടെ വിവിധ ഭാഗങ്ങളിലായി 276 ആശുപത്രികളം 2300 ഡിസ്പൻസറികളു മാണ് പ്രവർത്തിക്കുന്നത്. ഇത്രയും വരുന്ന ആരോഗ്യ സ്‌ഥാപനങ്ങളെ പ്രത്യേക കമ്പനി രൂപീകരിച്ച് അതിന്റെ കീഴിൽ കൊണ്ടുവരാനാണ് മന്ത്രാലയം നീക്കം നടത്തുന്നത്.

വിവിധ ഭാഗങ്ങളിലായി ഇരുപതോ, മുപ്പതോ ശാഖകൾ രൂപീകരിച്ചാണ് രാജ്യത്തെ എല്ലാ ആശുപത്രികളേയും ഡിസ്പൻസറികളേയും കമ്പനിയുടെ കീഴിൽ കൊണ്ടു വരുക. ഈ കമ്പനികളുടെ മേൽനോട്ടം വഹിക്കുകയായിരിക്കും പ്രധാനമായും ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല.

രാജ്യത്തെ ആരോഗ്യ സേവനരംഗം സ്വകാര്യവത്കരിക്കുന്നതിനും നിലവാരം ഉയർത്തുന്നതിനും സമഗ്ര സാമ്പത്തിക പരിഷ്കരണ പദ്ധതിയായ സൗദി വിഷൻ 2030 ൽ പ്രഖ്യാപനമുണ്ടായിരുന്നു. നിലവിൽ രാജ്യത്തെ വൈദ്യതി, ജല വിതരണം തുടങ്ങിയ സേവനങ്ങളെല്ലാം പ്രത്യേക കമ്പനികൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്.

സർക്കാർ ആശുപത്രികളെ കമ്പനിക്കു കീഴിൽ കൊണ്ടു വരുന്നത് ആരോഗ്യ സേവന രംഗത്തെ നിലവാരം ഉയർത്തുമെന്നും മന്ത്രാലയത്തിന്റെ അനാവശ്യ ചെലവ് ഒഴിവാക്കാൻ കഴിയുമെന്നുമാണ് വിദഗ്ധ അഭിപ്രായം. മാത്രവുമല്ല രാജ്യത്തെ സ്വകാര്യ ആരോഗ്യ മേഖലയുടെ നിലവാരം ഉയർത്തുന്നതിനും ഗുണകരമായ മത്സരത്തിനും ഇത് വഴിയൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം