മെർക്കലിനെ മുഖചിത്രമാക്കി ചാർലി എബ്ദോ ജർമൻ, ഓസ്ട്രിയൻ എഡിഷൻ പുറത്തിറങ്ങി
Thursday, December 1, 2016 10:16 AM IST
ബർലിൻ: ചാൻസലർ ആംഗല മെർക്കലിനെ മുഖച്ചിത്രമാക്കി ചാർലി എബ്ദോയുടെ ജർമൻ പതിപ്പിന്റെ ആദ്യലക്കം പുറത്തിറങ്ങി. ടോയ്ലറ്റിലിരുന്ന് ചാർലി എബ്ദോ വായിക്കുന്ന മെർക്കലിനെയാണ് കാരിക്കേച്ചറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഫോക്സ് വാഗൺ കമ്പനിയുടെ ഹൈഡ്രോളിക് റാമ്പിൽ കിടക്കുന്ന മെർക്കലിന്റെ ചിത്രമാണ് രണ്ടാമതായി മാഗസിനിൽ ചേർത്തിരിക്കുന്നത്. നാലാം തവണയും ചാൻസലർ സ്‌ഥാനാർഥിയാകുമെന്നു പ്രഖ്യാപിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് ഈ അവതരണം. ഒപ്പം പുകമറയിലൂടെ ഫോക്സ് വാഗൺ കമ്പനിയുടെ സൽപ്പേരിനുണ്ടായ കളങ്കത്തെയാണ് ഈ കാർട്ടൂണിൽ ചേർത്തിരിക്കുന്നത്.16 പേജടങ്ങിയ മാഗസിന്റെ രണ്ടുലക്ഷം കോപ്പിയാണ് മാർക്കറ്റിൽ എത്തിയിരിക്കുന്നത്.

പ്രകോപനപരമായ ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിനാണ് ചാർലി എബ്ദോ. ഇസ് ലാമിനെ അവഹേളിച്ചുവെന്നാരോപിച്ച് 2015 ജനുവരി ഏഴിന് മാഗസിന്റെ ആസ്‌ഥാനമായ പാരീസിലെ ഓഫീസിൽ ഐസ് ഭീകരർ കടന്നുകയറി ചീഫ് എഡിറ്ററടക്കം 12 പേരെ തോക്കിനിരയാക്കിയത് ലോകത്തെ ഞടുക്കിയിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ