നാദക് ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് 2016ന് ഡിസംബർ രണ്ടിന് പന്തുരുളും
Thursday, December 1, 2016 8:17 AM IST
ജിദ്ദ: മൂന്നാമത് നാദക് ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റ് ഡിസംബർ രണ്ടിന് (വെള്ളി) രാത്രി 8.30 ന് ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ ബലദിയ പാർക്കിന് സമീപത്തുള്ള ഹിലാൽ ശാം സ്റ്റേഡിയത്തിൽ സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡന്റ് ഹിഫ്സുറഹ്മാൻ ഉദ്ഘാടനം ചെയ്യും.

സിഫ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച ആറു ടീമുകളെ മാത്രം ഉൾപ്പെടുത്തി ലീഗ് അടിസ്‌ഥാനത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ജിദ്ദയിലെ ഫുട്ബോൾ അക്കാദമികളെ പങ്കെടുപ്പിച്ചുകൊണ്ട് 17 വയസിനു താഴെയുള്ള കുട്ടികൾക്കായി ജൂണിയർ ഫുട്ബാൾ ടൂർണമെന്റും ഇതോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.

ആദ്യ ദിവസത്തെ മത്സരങ്ങളിൽ രാത്രി 9.30ന് നിലവിലെ സിഫ് എ ഡിവിഷൻ ചാമ്പ്യന്മാരായ റിയൽ കേരള എഫ്സി, സോക്കർ ഫ്രീക്സ് സീനിയേഴ്സിനേയും രണ്ടാം മത്സരത്തിൽ സിഫ് എ ഡിവിഷൻ റണ്ണറപ്പായ സബീൻ എഫ്സി ഷറഫിയ ട്രേഡിംഗ്, ആതിഥേയരായ നാദക് ബ്ലൂസ്റ്റാർ എ ടീമിനെയും നേരിടും. ജൂണിയർ വിഭാഗത്തിൽ രാത്രി 8.30ന് സിഫ് ചാമ്പ്യന്മാരായ സ്പോർട്ടിംഗ് യുണൈറ്റഡ് കരുത്തരായ ജിദ്ദ ഇലവൻ ജൂണിയേഴ്സിനെ നേരിടും. സിഫ് ഗോൾഡൻ ബൂട്ട് വിന്നർ നിസാർ കോടശേരി, മുൻ മലപ്പുറം ജില്ലാ താരം ജസീർ തറയിൽ, സിഫ് ബെസ്റ്റ് പ്ലയർ അവാർഡ് വിന്നർ ഹാരിസ് (നാണി) മമ്പാട്, മലപ്പുറം ജില്ലാ താരം സലാം മമ്പാട്, കേരള സ്റ്റേറ്റ് താരം നിഷാദ് കൊളക്കാടൻ തുടങ്ങിയ മികച്ച താരങ്ങൾ വിവിധ ടീമുകൾക്കുവേണ്ടി ബൂട്ടണിയും. ജൂണിയർ വിഭാഗത്തിൽ സിഫ് ഗോൾഡൻ ബൂട്ട് വിന്നർ ആദിൽ കരീം മാവൂർ ഉൾപ്പടെ സിബിഎസ്സി സൗദി ചാമ്പ്യന്മാരായ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ മികച്ച താരങ്ങൾ ഇരു ടീമുകളിലുമായി അണിനിരക്കും.

നാദക് ആണ് ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ. അൽറയാൻ പോളിക്ലിനിക്, റോയൽ ട്രാവൽസ്, ഷറഫിയ ട്രേഡിംഗ്, സഫയർ ഫാമിലി റസ്റ്ററന്റ്, ബദർ തമാം പോളിക്ലിനിക് എന്നിവർ ടൂർണമെന്റുമായി സഹകരിക്കും.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ