ഫൊക്കാന സ്മരണികകൾ പുസ്തക രൂപത്തിൽ
Thursday, December 1, 2016 8:10 AM IST
ന്യൂയോർക്ക്: കഴിഞ്ഞ 33 വർഷങ്ങളായി ഫൊക്കാനയുടെ കൺവൻഷനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികളിലൂടെ കന്നുപോയാൽ അമേരിക്കൻ മലയാളികളുടെ സാഹിത്യ രചനകളുടെയും കലാ സാംസ്കാരിക രംഗത്തെ തുടിപ്പുകളുടേയും ഒരു നേർക്കാഴ്ച കാണുവാൻ സാധിക്കും. ഈ സ്മരണികകൾ സ്മരണയിൽ മാത്രമായി അവശേഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതുവരെ പ്രസിദ്ധീകരിച്ച സ്മരണികകളിലെ പ്രസക്‌തമായ ലേഖനങ്ങൾ, കവിതകൾ, കഥകൾ, സന്ദേശങ്ങൾ തുടങ്ങിയ വിഭവങ്ങൾ തിരഞ്ഞെടുത്ത് പുസ്തകരൂപത്തിലും ഭാവി തലമുറയ്ക്ക് ഉതകുന്നവിധം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ലഭ്യമാക്കാനും തയാറെടുക്കുന്നു.

പുതിയ നിർദ്ദേശം ഫൊക്കാനയുടെ പുതിയ ഭാരവാഹികൾ പരിഗണിക്കുകയും ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി ഒരു പ്രസിദ്ധീകരണ കമ്മിറ്റിയെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്തു.

പുസ്തക വിൽപനയിലൂടെ ലഭിക്കുന്ന തുക പൂർണമായും മലയാളത്തിലെ അവശതയനുഭവിക്കുന്ന എഴുത്തുകാരുടെ ക്ഷേമത്തിനുവേണ്ടിയും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന മലയാള ഭാഷാ പഠനരംഗത്തെ വിദ്യാർഥികൾക്ക് പഠനസഹായത്തിനുമായി വിനിയോഗിക്കുമെന്നും ഫൊക്കാന സാരഥികൾ പറഞ്ഞു.

ഈ ദൗത്യം വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണം ആവശ്യപ്പെടുന്നതോടൊപ്പം ഫൊക്കാനയുടെ ആരംഭകാല സുവനീറുകൾ കൈവശമുള്ളവർ ആ വിവരം ഫൊക്കാന ഭാരവാഹികളെയോ പ്രസിദ്ധീകരണ കമ്മിറ്റിയെയോ അറിയിക്കേണ്ടതാണ്.

തമ്പി ചാക്കോ, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വർഗീസ്, ജോയി ഇട്ടൻ, ജോർജി വർഗീസ്, പോൾ കറുകപ്പിള്ളിൽ എന്നിവർ കമ്മിറ്റി അംഗങ്ങളും ബെന്നി കുര്യൻ (ചീഫ് എഡിറ്റർ), കോഓർഡിനേറ്റർമാരായി വർഗീസ് പ്ലാമൂട്ടിൽ, വർഗീസ് പോത്താനിക്കാട്, ശ്രീകുമാർ ഉണ്ണിത്താൻ, ഡോ. മാത്യു വർഗീസ് (ഡിട്രോയ്റ്റ്), ഏബ്രഹാം ഈപ്പൻ (ഹൂസ്റ്റൺ), കുര്യൻ പ്രക്കാനം (കാനഡ) എന്നിവർ എഡിറ്റർ ബോർഡ് അംഗങ്ങളുമാണ്.

വിവരങ്ങൾക്ക്: 201 290 1643, 917 488 2590 845 642 2060.