‘ഒരില മാത്രമുള്ള വൃക്ഷം’ പ്രകാശനം ചെയ്തു
Thursday, December 1, 2016 8:09 AM IST
ദമാം: പ്രമുഖ പ്രവാസി എഴുത്തുകാരി സോഫിയ ഷാജഹാന്റെ രണ്ടാമത് കവിതാ സമാഹാരം ‘ഒരില മാത്രമുള്ള വൃക്ഷം’ കേരള മുൻ വിദ്യാഭ്യാസ മന്ത്രിയും പ്രമുഖ രാഷ്ര്‌ടീയ, സാംസ്കാരിക നേതാവുമായ എം.എ. ബേബി പ്രകാശനം ചെയ്തു. പുസ്തക വായനയിലൂടെ മലയാളി സാംസ്കാരിക ജീവിതം വീണ്ടെടുക്കണം. വായന മനുഷ്യനെ സംസ്കാര സമ്പന്നനാക്കും. കലയും സാഹിത്യവും വളർച്ചയുടെയും വികാസത്തിന്റെയും മികവിന്റെയും അളവുകോലായാണ് കണക്കാക്കപ്പെടുന്നത്. എണ്ണപ്പെട്ട പല ഗ്രന്ഥങ്ങളും പ്രമുഖരിലൂടെ മലയാളത്തിന് സമ്മാനിച്ചത് പ്രവാസം പകർന്ന അനുഭവപാഠമാണ്. അതിനാൽ പ്രവാസവും പ്രവാസി എഴുത്തുകാരെയും മലയാളത്തിന് അവഗണിക്കാനാവില്ലെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.

ദമാം ക്രിയേറ്റിവ് ഇന്റർനാഷനൽ സ്കൂൾ ഐടി വിഭാഗം മേധാവിയായി പ്രവർത്തിച്ചുവരുന്ന സോഫിയയുടെ ആദ്യ പുസ്തകം ‘നീലവരയിലെ ചുവപ്പ്’ എന്ന കവിതാ സമാഹാരമാണ്. ഇരു പുസ്തകങ്ങളുടെയും പ്രസാധനം നിർവഹിച്ചിരിക്കുന്നത് ഗ്രീൻപെപ്പർ പബ്ലിക്കേഷനാണ്.

സൗദി മലയാളി സമാജം ദമാം ചാപ്റ്റർ ബദർ അൽ റബീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രമുഖ എഴുത്തുകാരൻ മൻസൂർ പള്ളൂർ ഉദ്ഘാടനം ചെയ്തു. സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകൃത്ത് ജോസഫ് അതിരുങ്കൽ പുസ്തകം ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ പുസ്തകം പരിചയപ്പെടുത്തി. ബദർ അൽ റബീ മെഡിക്കൽ ഗ്രൂപ്പ് എംഡി അഹമ്മദ് പുളിക്കൽ ബേബിയെ ഉപഹാരം നൽകി ആദരിച്ചു. ഇറാം ഐടിഎൽ ഗ്രൂപ്പ് സിഎംഡി ഡോ. സിദ്ദീഖ് അഹമ്മദ്, ഡോ. ബിജു വർഗീസ്, ഡോ. ടെസി റോണി, ആൽബിൻ ജോസഫ്, സോഫിയ ഷാജഹാൻ, അബ്ദുൾ അലി കളത്തിങ്ങൽ, അഷ്റഫ് ആളത്ത്, ഇഖ്ബാൽ വെളിയങ്കോട് എന്നിവർ സംസാരിച്ചു. ഡോ. അജി വർഗീസ്, സാന്ദ്ര ഡിക്സൺ എന്നിവർ അവതാരകരായിരുന്നു. പ്രമുഖ നർത്തകി അതുല്യ മോഹന്റെ കേരള നടനവും കെ. മനോജ്, നിരഞ്ജൻ ബിൻസ്, സാന്ദ്ര ഡിക്സൺ എന്നിവരുടെ ഗാനങ്ങളും ചടങ്ങിന്റെ ഭാഗമായിരുന്നു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം