സമസ്ത ബഹറിൻ നബിദിന കാമ്പയിന് തുടക്കമായി
Thursday, December 1, 2016 8:07 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിൻ മനാമ കേന്ദ്രീകരിച്ചു നടത്തുന്ന നബിദിന കാമ്പയിന് തുടക്കമായി. ‘മുഹമ്മദ് നബി(സ) കുടുബ നീതിയുടെ പ്രകാശം’ എന്ന പ്രമേയത്തിൽ നടക്കുന്ന നബിദിന കാമ്പയിന്റെ സമാരംഭവും മൗലിദ് പാരായണ സദസും കഴിഞ്ഞ ദിവസം മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത േഓഡിറ്റോറിയത്തിൽ നടന്നു. മൗലിദ് പാരായണത്തിനും പ്രഭാഷണത്തിനും സമസ്ത ബഹറിൻ പ്രസിഡന്റ് സയിദ് ഫക്റുദ്ദീൻ കോയ തങ്ങൾ നേതൃത്വം നൽകി. ഭാരവാഹികളായ എസ്.എം. അബ്ദുൾ വാഹിദ്, വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി, ശഹീർ കാട്ടാമ്പള്ളി എന്നിവരും ഉസ്താദുമാരായ അഷ്റഫ് അൻവരി ചേലക്കര, ഹാഫിൾ ശറഫുദ്ദീൻ മൗലവി, അബ്ദുറഹ്മാൻ മുസ് ലിയാർ എന്നിവരും ചടങ്ങിന് നേതൃത്വം നൽകി.

തുടർന്നുള്ള ദിവസങ്ങളിൽ മനാമ ഗോൾഡ് സിറ്റിയിൽ റബീഉൽ അവ്വൽ 12 വരെ ദിവസവും രാത്രി ഒമ്പതിന് മൗലിദ് മജ്ലുസുകൾ നടക്കും. കൂടാതെ ഒരു മാസം നീണ്ടു നിൽക്കുന്ന കാമ്പയിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണ ക്ലാസ്, കുടുംബ സംഗമം, ലഘുലേഖ വിതരണം, മെഡിക്കൽ ക്യാമ്പ്, പ്രബന്ധക്വിസ് മത്സരങ്ങൾ, കുട്ടികളുടെ കലാസാഹിത്യ മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും നടക്കും. വിവിധ ചടങ്ങുകളിലായി ബഹറിനിലെ മത–സാമൂഹിക–രാഷ്ട്രീയ രംഗത്തെ പ്രമുഖരും സ്വദേശി പ്രമുഖരും സംബന്ധിക്കും. മനാമ കേന്ദ്രീകരിച്ചുള്ള വിവിധ പ്രോഗ്രാമുകളുടെ വിജയത്തിനായി സയിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ചെയർമാനായി വിപുലമായ ഒരു സ്വാഗത സംഘം രൂപീകരിച്ചു.