മത്തിക്കരെയിൽ ഇടവക ദിനവും എംസിഡബ്ല്യുഎ വാർഷികവും
Thursday, December 1, 2016 2:47 AM IST
ബംഗളൂരു: മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻസ് ഫോറോനാ ഇടവകയിലെ ഇടവകദിനവും മലയാളി കാത്തലിക് വെൽഫെയർ അസോസിയേഷന്റെ വാർഷികവും സംയുക്‌തമായി സംഘടിപ്പിച്ചു. വികാരി ഫാ. മാത്യു പനയ്ക്കക്കുഴിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ. മാർട്ടിൻ വിതയത്തിൽ വചനസന്ദേശം നൽകി. 11ന് ലേലംവിളി, ഉച്ചയ്ക്ക് 12:30ന് സ്നേഹവിരുന്ന്, ഒന്നിന് വാർഡ് തല കലാപരിപാടികൾ എന്നിവയും നടന്നു.

വൈകുന്നേരം അഞ്ചിന് ചേർന്ന ആഘോഷ സമ്മേളനം മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മാത്യു പനയ്ക്കക്കുഴി അധ്യക്ഷത വഹിച്ചു. ഇടവക ചീഫ് ട്രസ്റ്റി പി.എ. ജോസ്, കെ.ജെ ഹെൻട്രി, എംസിഡബ്ല്യുഎ പ്രസിഡന്റ് പി. കെ. ചാക്കോ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഇടവകാംഗങ്ങൾ അവതരിപ്പിച്ച നൃത്തശില്പവും എംസിഡബ്ല്യുഎ അംഗങ്ങൾ അവതരിപ്പിച്ച ‘ദൈവത്തിന്റെ മണമുള്ള വീട്’ എന്ന നാടകവും അരങ്ങേറി.