ഡി.കെ. രവിയുടെ ആത്മഹത്യയ്ക്കു കാരണം വ്യക്‌തിജീവിതത്തിലെ പ്രശ്നങ്ങൾ
Thursday, December 1, 2016 2:46 AM IST
ബംഗളൂരു: വാണിജ്യനികുതി അഡീഷണൽ കമ്മീഷണർ ഡി.കെ. രവിയുടെ മരണം ആത്മഹത്യയാണെന്ന് സിബിഐ റിപ്പോർട്ട്. കഴിഞ്ഞ ദിവസം സിബിഐ സർക്കാരിനു സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. വ്യക്‌തിജീവിതത്തിലെ താളപ്പിഴകളാണ് രവിയെ മരണത്തിലേക്കു നയിച്ചതെന്ന് സിബിഐ അഡീഷണൽ എസ്പി ചക്രവർത്തി, ബംഗളൂരു സൗത്ത് അഡീഷണൽ കമ്മീഷണർ ഡി.ബി. നടേഷിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കർണാടക കേഡറിലെ ഐഎഎസ് സഹബാച്ചുകാരിയായ രോഹിണി സിന്ദൂരിയുമായി രവിക്ക് അടുപ്പമുണ്ടായിരുന്നതായി ടെലിഫോൺ രേഖകളിൽ നിന്നു വ്യക്‌തമാണെന്ന് സിബിഐ റിപ്പോർട്ടിൽ പറയുന്നു. രവിയുടെ അടുപ്പം അതിരുവിടുന്നുവെന്ന് തോന്നിയതോടെ രോഹിണി പിൻവാങ്ങുകയായിരുന്നു. മരിക്കുന്നതിനു മുമ്പ് രവി അവസാനമായി വാട്സ് ആപ്പിൽ സന്ദേശമയച്ചത് രോഹിണിക്കായിരുന്നു. രോഹിണിയോടുള്ള ഇഷ്‌ടം അറിയിച്ച ശേഷം, താനൊരു മോശം തീരുമാനമെടുക്കാൻ പോകുകയാണെന്നായിരുന്നു അദ്ദേഹം സന്ദേശത്തിൽ പറഞ്ഞത്. തുടർന്ന് രവിയുടെ മരണവാർത്തയാണ് അറിഞ്ഞത്. ഇതിനു പിന്നാലെ രോഹിണി ഡിഐജി മുമ്പാകെ സ്വമേധയാ മൊഴി നല്കുകയും ചെയ്തു. വസ്തു വാങ്ങാനായി തന്നോട് രവി 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും രോഹിണി അന്നു മൊഴി നല്കിയിരുന്നു. രവി റിയൽ എസ്റ്റേറ്റിൽ പണം നിക്ഷേപിച്ചിരുന്നു. എന്നാൽ ഇതിൽ വൻ നഷ്‌ടമുണ്ടായി. റിയൽ എസ്റ്റേറ്റിൽ പണം നിക്ഷേപിക്കാൻ രോഹിണിയെയും രവി നിർബന്ധിച്ചുവെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.

അഴിമതിക്കാർക്കും ഭൂമാഫിയക്കുമെതിരേ ശക്‌തമായ നടപടിയെടുത്ത ഡി.കെ. രവിയെ 2015 മാർച്ച് 16നാണ് കോറമംഗലയിലെ തന്റെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭൂമി, മണൽ മാഫിയകളുടെയും ചില രാഷ്ര്‌ടീയ നേതാക്കളുടെയും സമ്മർദത്തെ തുടർന്നാണ് രവി ജീവനൊടുക്കിയതെന്ന് ആരോപണമുയർന്നിരുന്നു. സംഭവത്തിൽ ശക്‌തമായ ജനകീയപ്രക്ഷോഭം ഉണ്ടായ സാഹചര്യത്തിൽ കേസ് സിബിഐയ്ക്കു വിടാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ സിഐഡി അന്വേഷിച്ച കേസ് ഒരു മാസത്തിനു ശേഷമാണ് സിബിഐ ഏറ്റെടുത്തത്.