ഇലക്ട്രിക് കാറുകൾക്ക് യൂറോപ്പിൽ ചാർജിംഗ് കേന്ദ്രങ്ങൾ
Wednesday, November 30, 2016 10:15 AM IST
ബർലിൻ: യൂറോപ്പിലാകമാനം വ്യാപിക്കുന്ന ഇലക്ട്രിക് കാർ ചാർജിംഗ് കേന്ദ്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. മേഖലയിലെ പ്രമുഖ കാർ നിർമാതാക്കളുടെ കൂട്ടായ്മയാണ് ഇതിനു പിന്നിൽ.

ബിഎംഡബ്ല്യു, ഡെയിംലർ, ഫോർഡ്, ഫോക്സ് വാഗൻ ഗ്രൂപ്പ് (ഓഡിയും പോർഷെയും ഉൾപ്പെടെ) എന്നിവർ ചേർന്ന് 400 ചാർജിംഗ് സൈറ്റുകൾ സ്‌ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രധാന റോഡുകൾക്കടുത്ത് സ്‌ഥാപിക്കുന്ന പ്ലഗ് ഇൻ പോയിന്റുകൾ വഴി അസാമാന്യ വേഗത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യമാണു നൽകുന്നത്.

അതേസമയം, ഇപ്പോൾ ആഗോള ഇലക്ട്രിക് കാർ വിപണിയിൽ ഒന്നാം സ്‌ഥാനക്കാരായ ടെസ്ലയ്ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താൻ കഴിയില്ല. അവർ ഉപയോഗിക്കുന്ന സിസ്റ്റം വ്യത്യസ്തമായതാണു കാരണം. ടെസ്ലയെക്കാൾ വേഗത്തിൽ ചാർജ് ആവുന്ന 350 കിലോവാട്ട് ആണ് ഉപയോഗിക്കാൻ പോകുന്ന വേഗം.

ഇലക്ട്രിക് വാഹന ഉടമകൾ ദീർഘദൂര യാത്രകൾ അനായാസമാക്കുകയാണു ലക്ഷ്യമെന്ന് കാർ നിർമാതാക്കൾ പറയുന്നു. അടുത്ത വർഷം ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 2020 ആകുമ്പോഴേയ്ക്കും യൂറോപ്പിലെ നിരത്തുകൾ ഇലക്ട്രിക് കാറുകൾ കീഴടക്കുമെന്നാണ് കാർ നിർമാതാക്കൾ അവകാശവാദം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ