‘ഏക സിവിൽ കോഡിനുള്ള നീക്കത്തെ കരുതിയിരിക്കുക’
Wednesday, November 30, 2016 3:13 AM IST
ജിദ്ദ: മുസ് ലിം പണ്ഡിതന്മാർക്കിടയിൽതന്നെ അഭിപ്രായവ്യത്യാസമുള്ള മുത്വലാഖ് വിഷയം പൊതുസമൂഹത്തിൽ എടുത്തിട്ടുകൊണ്ട് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ശിഹാബ് സലഫി ആഹ്വാനം ചെയ്തു. ‘മുത്വലാഖും മുറവിളികളും’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്ററിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ് ലാമിൽ വിവാഹമെന്നത് രണ്ട് വ്യക്‌തികൾക്കിടയിൽ സമാധാനവും സന്തോഷവുമുണ്ടാക്കാനുള്ള ബലവത്തായ ഒരു കരാറാണ്. അത് ലക്ഷ്യത്തിലെത്താത്ത അനിവാര്യമായ ഘട്ടത്തിൽ മാത്രമാണ് ഇസ് ലാം വിവാഹമോചനം അനുവദിക്കുന്നത്. മൂന്ന് ത്വലാഖുകൾ ഒന്നിച്ച് ചൊല്ലിയാലും വിവാഹമോചനം സാധുവാകും എന്നഭിപ്രായപ്പെട്ട പണ്ഡിതന്മാരും അത് പാടില്ലാത്തതും പുത്തനാചാരവുമാണെന്നും പഠിപ്പിച്ചിട്ടുണ്ട്. ഒരാൾക്ക് ഭാര്യയിൽ അനിഷ്‌ടകരമായത് വല്ലതും കണ്ടാൽ അവളെ ആദ്യം ഉപദേശിക്കാനാണ് ഇസ് ലാം പഠിപ്പിക്കുന്നത്. എന്നിട്ടും ശരിയാകുന്നില്ലെങ്കിൽ കിടപ്പറയിൽനിന്ന് മാറിക്കിടക്കുകയും ചെറിയ രീതിയിലുള്ള ശിക്ഷാ നടപടികളെടുക്കുകയും ചെയ്യാം. വീണ്ടും യോജിപ്പില്ലാതിരുന്നാൽ രണ്ടാളുടെയും ബന്ധുക്കളിൽനിന്നുള്ള മധ്യസ്‌ഥന്മാർക്ക് പ്രശ്നപരിഹാരത്തിന് ശ്രമിക്കാം. അതും പരാജയെപ്പെട്ടാൽ മാത്രമാണ് ഒന്നാമത്തെ ത്വലാഖ്. ഇതിനു ശേഷവും മൂന്ന് ശുദ്ധികാലയളവിൽ സ്ത്രീ പുരുഷന്റെ വീട്ടിൽത്തന്നെ താമസിക്കണം. അതിനിടക്ക് അവർ ബന്ധപ്പെട്ടാൽ ഈ ത്വലാഖ് അസാധുവാകുന്നതാണ്. പിന്നീട് വീണ്ടും പൊരുത്തക്കേടുകളുണ്ടായാൽ ഇതേ ഘട്ടങ്ങൾ തുടരുകയും രണ്ടും മൂന്നും ത്വലാഖുകൾ ചൊല്ലുകയുമാണ് വേണ്ടത്. മൂന്നെണ്ണം കഴിഞ്ഞാൽ പിന്നെ തിരിച്ചെടുക്കണമെങ്കിൽ അവളെ മറ്റൊരാൾ വിവാഹം ചെയ്ത് ഇതേ കടമ്പകളൊക്കെ കടന്ന് സ്വാഭാവികമായ വിവാഹമോചനത്തിലെത്തിയാൽ മാത്രമേ സാധ്യമാകൂ. ഇത്രക്ക് ശാസ്ത്രീയമായ രീതിയിൽ വിവാഹമോചനത്തെക്കുറിച്ച് പഠിപ്പിച്ച ഇസ്ലാമിന്റെ നിയമത്തെ താറടിച്ചു കാണിക്കാനുള്ള നീക്കത്തിനെതിരെ യോജിച്ച പോരാട്ടം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ