മെർക്കൽ നയം മാറ്റി; ഒരു ലക്ഷം അഭയാർഥികളെ തിരിച്ചയയ്ക്കും
Tuesday, November 29, 2016 10:06 AM IST
ബർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ അഭയാർഥി നയത്തിൽ വീണ്ടും മലക്കം മറിച്ചിൽ. ഇപ്പോൾ രാജ്യത്തുള്ള അഭയാർഥികളിൽ പത്തു ശതമാനം പേരെ, അതായത് ഒരു ലക്ഷം പേരെ തിരിച്ചയയ്ക്കുമെന്ന് പ്രഖ്യാപനം.

പത്തു ശതമാനം ചെറിയ സംഖ്യയായി തോന്നാമെങ്കിലും അഭയാർഥിത്വം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അവർ നൽകിയ സൂചനകളാണ് നയത്തിലെ കാതലായ മാറ്റങ്ങളിലേക്ക് വെളിച്ചം വീശുന്നത്.

അഭയാർഥി നയത്തിനു ജനപ്രീതി ഇല്ലാത്തത് മെർക്കലിന്റെ ജനപ്രീതിയെയും സാരമായി ബാധിച്ചെന്ന് വിവിധ അഭിപ്രായ സർവേകളും പ്രാദേശിക തെരഞ്ഞെടുപ്പ് ഫലങ്ങളും തെളിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ, നാലാം വട്ടവും ചാൻസലർ സ്‌ഥാനത്തേക്കു മത്സരിക്കാൻ തീരുമാനിച്ച മെർക്കലിന് നയം മാറ്റാതെ മാർഗമില്ലെന്ന അവസ്‌ഥ സംജാതമായിരുന്നു. ഈ മനം മാറ്റത്തിലൂടെ അവർ ലക്ഷ്യമാക്കുന്നത് അടുത്ത പൊതുതെരഞ്ഞെടുപ്പിൽ മെർക്കലിനോടു വിഘടിച്ചു നിൽക്കുന്നവരുടെ വോട്ടുബാങ്ക് കൂടെ നിർത്തുകയെന്നതാണ്.

പാർട്ടിക്കുള്ളിൽ നിന്നും പ്രധാന സഖ്യകക്ഷിയിൽനിന്നുമുള്ള സമ്മർദവും നയം മാറ്റത്തിനു കാരണമായിരിക്കാം എന്നു വിലയിരുത്തൽ. ഇപ്പോൾ സ്വന്തം പാർട്ടി എംപിമാർക്കു മുന്നിലാണ് ഇതു സംബന്ധിച്ച വ്യക്‌തമായ സൂചനകൾ അവർ നൽകിയിരിക്കുന്നത്.

അഭയാർഥിത്വ അപേക്ഷ നിരസിക്കപ്പെട്ട എല്ലാ അഭയാർഥികളെയും തിരിച്ചയയ്ക്കാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്. അതിനു ബലപ്രയോഗം ആവശ്യമാണെങ്കിൽ അതിനും മടിക്കില്ലെന്നും മെർക്കലിന്റെ പ്രഖ്യാപനം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ