യുഎഇ ദേശീയ ദിനം: ദുബായ് കെഎംസിസി സമാപന സമ്മേളനം ഡിസംബർ രണ്ടിന്
Tuesday, November 29, 2016 8:45 AM IST
ദുബായ്: നാല്പത്തഞ്ചാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി നടത്തി വരുന്ന വൈവിധ്യമാർന്ന പരിപാടികൾക്ക് ഡിസംബർ രണ്ടിന് (വെള്ളി) വൈകുന്നേരം ആറിന് സമാപനം കുറിക്കുമെന്ന് പ്രസിഡന്റ് പി.കെ.അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവർ പറഞ്ഞു.

ഒരു മാസക്കാലമായി നടന്നു വരുന്ന ആഘോഷ പരിപാടികൾ പ്രവാസി മലയാളികൾക്കിടയിലും അറബ് സമൂഹത്തിന്നിടയിലും ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഒക്ടോബർ 28 ന് ഡോ. രജിത്കുമാറിന്റെ റിയാലിറ്റി ഷോ, രക്‌തദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചുകൊണ്ട് യുഎഇ എന്ന പോറ്റമ്മ നാടിനോടുള്ള സ്നേഹവും ആദരവും പ്രകടപ്പിച്ചാണ് കെഎംസിസി ദേശീയ ദിനഘോഷത്തിനു തുടക്കം കുറിച്ചത്.

കലാ സാഹിത്യ മത്സരങ്ങളും കയികമത്സരങ്ങളും ഫുട്ബോൾ ടൂർണമെന്റ് ഉൾപ്പെടെ വിവിധ മത്സര പരിപടികളും ആഘോഷത്തിന്റെ ഭാഗമായിരുന്നു.

ദുബായ് പോലീസ് നടത്തുന്ന ദേശീയ ദിന പരേഡുകളിലും കെഎംസിസിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചു വരുന്നുണ്ട്. എല്ലാ വർഷവും എന്ന പോലെ ഈ പ്രാവിശ്യവും കെഎംസിസി നേതാക്കളും പ്രവർത്തകരും നാടൻ കലാ പ്രകടനങ്ങളുടെ അകമ്പടിയോടെ പോലീസ് പരേഡിൽ പങ്കെടുത്തിട്ടുണ്ട്.

രക്‌തസാക്ഷി ദിനമായി ആചരിക്കുന്ന നവംബർ 30ന് അൽ ബറാഹയിലെ കെഎംസിസി ആസ്‌ഥാനത്ത്പ്രത്യേക അനുസ്മരണ പരിപാടിയും ഒരുക്കിയിട്ടുണ്ട്. യുഎഇ ദേശീയ ഗാനത്തിന്റെ രചയിതാവ് ആരിഫ് ഷെയ്ഖ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബധിക്കും.

ഡിസംബർ രണ്ടിന് വൈകുന്നേരം ആറിന് എൻഐ മോഡൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടികൾ സമാപിക്കും. മുസ് ലിംലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങൾ, ഇന്ത്യൻ കോൺസൽ ജനറൽ അനുരാഗ് ഭൂഷൻ, മുസ് ലിം ലീഗ് ദേശീയ ട്രഷറർ പി.കെ. കുഞ്ഞാലിക്കുട്ടി, തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.വി. അബ്ദുൾ വഹാബ് എംപി, ഡോ. എം.കെ. മുനീർ എംഎൽഎ കേരള വഖഫ് ബോർഡ് ചെയർമാൻ സയിദ് റഷീദലി ശിഹാബ് തങ്ങൾ അടക്കം വിവിധ അറബ് നയതന്ത്ര പ്രതിനിധികളും സമൂഹ്യസാംസ്കാരിക വ്യാവസായ പ്രമുഖരും സംബന്ധിക്കും.

തുടർന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ ആസിഫ് കാപ്പാട്. ആദിൽ അദ്ദു, യുമ്ന അജിൻ (ഇന്ത്യൻ ഐഡിയൽ സോണി ടിവി), മിൽഹാജ് (പട്ടുറുമാൽ), മുഹമ്മദ് നസീബ്(കുട്ടികുപ്പായം), അബ്ദുൾ ഹഖ് (റാഫി ഫെയിം), ശ്രീകുട്ടൻ ഹരിശ്രീ, കലാഭവൻ ഹമീദ്, ബൈജു എന്നിവർ അണിനിരക്കുന്ന ഇശൽ നൈറ്റും കോമഡിഷോയും അസ്മിൻ മുഹമ്മദിന്റെ വയലിൻ സംഗീതവും അരങ്ങേറും.

സാമൂഹ്യ സാംസ്കാരിക രംഗത്ത് മികച്ച സേവനം കാഴ്ചവച്ചവർക്ക് പ്രത്യേക പുരസ്കാരങ്ങളായ യംഗ് ബിസിനസ് പേഴ്സണാലിറ്റി അവാർഡ് മുഹമ്മദ് ഫാദിൽ (ഗോൾഡ് ഫ്രൂട്ട് എംഡി), ബിസിനസ് എക്സലൻസി അവാർഡ് മുഹമ്മദ് സാജിദ് പാറക്കൽ (എംഡി ആരോമ റെന്റ്് എ കാർ) എന്നിവരും ഹ്യുമൺ വെൽഫയർ അവാർഡ് സി.പി. അബ്ദുസമദ് എന്ന ബാബു തിരുനാവായക്കും (അൽ കസർ ഗ്രൂപ്പ് എം.ഡി), ബെസ്റ്റ് സിഎസ്ആർ അവാർഡ് തീമ ഗ്രൂപ്പിനും മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാർഡ് ശഹുൽ ഹമീദ് പാണക്കാടും (എംഡി ടെക്സാസ്) അർഹരായി.

ദുബൈ കെഎംസിസിയുടെ ഈ വർഷത്തെ മധ്യമ പുരസ്ക്കാരത്തിന് എൻ.എം. അബൂബക്കർ (മനോരമ ടെലിവിഷൻ), ഫിറോസ് ഖാൻ (ഗൾഫ് മാധ്യമം), ധന്യലക്ഷ്മി (ഗോൾഡ് എഫ്എം) എന്നിവരും അർഹരായി.

പ്രത്യേക ക്ഷണിതാക്കളായ ലുഖ്മാൻ മമ്പാട് (ചന്ദ്രിക), പി.എ. നൗഷാദ് (ടീച്ചേഴ്സ് അവാർഡ്), ആയിഷ അബൂബക്കർ (ക്യാബ്രിഡജ് വേൾഡ്ചാമ്പ്യൻഗണിത ശാസ്ത്രം), പവാസ് ഇസ്മയിൽ (ഡോക്യുമെന്ററി അവാർഡ് സിഡിഎ) എന്നിവർക്ക് മൊമന്റോ സമർപ്പിക്കും.

ഒഡീഷ്യ സംഭവങ്ങളുടെ പാശ്ചാത്തലത്തിൽ ദുബായ് കെഎംസിസി പ്രഖ്യാപിച്ച ആംബുലൻസിന്റെ രേഖാ കൈമാറ്റവും അൽ അബീർ ഗ്രൂപ്പുമായി സഹകരിച്ച് ദുബായ് കെഎംസിസി കേരള സർക്കാരിന്റെ സാമുഹ്യ വകുപ്പിന്റെ പുനരധിവാസ പദ്ധതികളിലേക്കുള്ള വിഹിതം ഏൽപ്പിക്കൽ ചടങ്ങും മൈ ഫ്യൂച്ചർ വിംഗിന്റെ ഭാഗമായി അർഹതപെട്ട വിദ്യാർഥികൾക്കുള്ള പതിനാറ് ലാപ്ടോപ് എൻഐ മോഡൽ സ്കൂൾ പ്രിൻസിപ്പലിനെ ഏൽപ്പിക്കുന്ന ചടങ്ങും നടക്കും.

സയിദ് ഹാമിദ് കോയമ്മ തങ്ങൾ, ഷംസുദ്ദീൻ ബിൻ മോഹിയുദ്ദീൻ, പി.എ. ഇബ്രാഹിം ഹാജി, ഡോ. പുത്തൂർ റഹ്മാൻ, ഇബ്രാഹിം എളേറ്റിൽ, അബ്ദുള്ള ഫാറൂഖി തുടങ്ങിയ പ്രമുഖർ പരിപാടിയുടെ ഭാഗമായിരിക്കും.

വാർത്താസമ്മേളനത്തിൽ ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി, എം.എ. മുഹമ്മദ് കുഞ്ഞി, അബ്ദുൾ ഖാദർ അരിപ്പാമ്പ്ര, അഷ്റഫ് കൊടുങ്ങല്ലൂർ,, ആർ. ഷൂക്കൂർ, അഡ്വ. സാജിദ് അബൂബക്കർ എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ