ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും പ്രധാനം: ഓസ്ട്രേലിയൻ മനഃശാസ്ത്രജ്‌ഞൻ
Tuesday, November 29, 2016 8:44 AM IST
തിരുവനന്തപുരം: ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും പ്രധാനമാണെന്ന് യുഎൻഎസ്ഡബ്ല്യു ഓസ്ട്രേലിയ സ്കൂൾ ഓഫ് സൈക്യാട്രിയിലെ പ്രമുഖ മനഃശാസ്ത്രജ്‌ഞനായ ഫിലിപ്പ് ബി. വാർഡ്. മെഡിക്കൽ കോളജ് അലൂംനി അസോസിയേഷൻ സംഘടിപ്പിച്ച സിൽവർ ജൂബിലി പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.

ശാരീകാരോഗ്യം പോലെ പ്രധാനമാണ് ആരോഗ്യമുള്ള മനസ്. വ്യായാമത്തിലൂടെ ആരോഗ്യമുള്ള ശരീരവും മനസും നേടിയെടുക്കാവുന്നതാണ്. മാനസിക പ്രശ്നങ്ങൾക്ക് കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായി പലപ്പോഴും അമിതവണ്ണത്തിന് കാരണമാകാറുണ്ട്. ഇത്തരം മരുന്നുകൾ കഴിച്ചുണ്ടാകുന്ന പാർശ്വഫലങ്ങളിൽ നിന്നും രക്ഷനേടാനും വ്യായാമത്തിലൂടെ സാധിക്കും.

വ്യായാമം ജീവിതചര്യയുടെ ഒരു ഭാഗമാക്കി മാറ്റണം. ഇതിലൂടെ പല തരത്തിലുള്ള ജീവിത ശൈലീ രോഗങ്ങൾ മാറ്റിയെടുക്കാൻ കഴിയും. ഓസ്ട്രേലിയയിലുള്ളതുപോലെ ഇവിടുത്തെ ആശുപത്രികളിലും വ്യായാമം ചെയ്യാനുള്ള സൗകര്യം ഒരുക്കേണ്ടതാണെന്നും ഫിലിപ്പ് ബി. വാർഡ് പറഞ്ഞു. ചടങ്ങിൽ യുവ ഓസ്ട്രേലിയൻ മനഃശാസ്ത്രജ്‌ഞനായ റോസെൻബാം പ്രസംഗിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ബലരാമൻ നായർ, പ്രമുഖ മനഃശാസ്ത്രജ്‌ഞനായ ഡോ. കെ.എ. കുമാർ, മുൻ മെഡിസിൻ പ്രഫസറും നെഫ്രോളജിസ്റ്റുമായ ഡോ. കൃഷ്ണകുമാർ, സൈക്യാട്രി വിഭാഗം പ്രഫസർ ഡോ. ടി.വി. അനിൽ കുമാർ, ഡോ. ഇന്ദു പി.എസ്, ഡോ. രഞ്ജു രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.