വിയന്നയിൽ കർഷക അവാർഡുകൾ വിതരണം ചെയ്തു
Tuesday, November 29, 2016 6:01 AM IST
വിയന്ന: പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രിയ കൃഷി അവാർഡുകളും പ്ലസ്ടു വിജയികൾക്ക് അംഗീകാരവും നൽകി. വിയന്നയിൽ സംഘടിപ്പിച്ച ചടങ്ങിൽ വിശിഷ്‌ട അതിഥിയായിരുന്ന ഫാ. തോമസ് കൊച്ചുചിറ ടിഒആർ കർഷക ശ്രീയായി തിരഞ്ഞെടുത്ത സണ്ണി പുത്തൻപറമ്പിലിനും കർഷക മിത്ര ആലീസ് വട്ടപ്പള്ളിലിനും പുരസ്കാരങ്ങൾ സമ്മാനിച്ചു.

മാതൃകാപരമായി പച്ചക്കറികൾ കൃഷി ചെയ്ത വ്യക്‌തികളെയും കുടുംബങ്ങളെയും കണ്ടെത്തി അതിൽ നിന്നും ഏറ്റവും കാര്യക്ഷമമായി കൃഷി ചെയ്ത രണ്ടു പേർക്കാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. മലയാളികളുടെ സംസ്കാരത്തെയും കൃഷി ചെയ്തു വിളവെടുത്ത് ഭക്ഷിക്കുന്ന രീതിയെയും മലയാളികളുടെ വരും തലമുറയ്ക്ക് പരിചയപ്പെടുത്താൻ കൂടിയാണ് ഈ അവസരം വിനിയോഗിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച അവറാച്ചൻ കരിപ്പക്കാട്ടിൽ പറഞ്ഞു.

സിറോഷ് ജോർജ്‌ജ് (പ്രസിഡന്റ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്), മാർട്ടിൻ ജോർജ് (മുൻ കർഷക ശ്രീ അവാർഡ് ജേതാവ്) തുടങ്ങിയവർ പ്രസംഗിച്ചു. ബൗസ്പാർ കാസേയ്ക്കുവേണ്ടി തോമസ് മുളയ്ക്കൽ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു.

ചടങ്ങിൽ പ്ലസ്ടു പരീക്ഷയിൽ വിജയികളായ നിതിൻ ഐക്കെരെട്ട്, ജിതിൻ ഞൊണ്ടിമാക്കൽ, കാസ്മിൻ കാരയ്ക്കാട്ട്, കാർമൽ മൂക്കൻതോട്ടം, രേണു മാക്കിൽ, സുബിൻ പുത്തൻകളം, ടിൽസൺ പടിഞ്ഞാറേക്കാലയിൽ, ഇസബെൽ സിബി മണിയൻകേരികളം, അലൻ അറീച്ചിറകാലയിൽ എന്നിവരെ ആദരിച്ചു.

റിപ്പോർട്ട്: ജോബി ആന്റണി