ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഫില്ലൻ വലതുപക്ഷ സ്‌ഥാനാർഥി
Tuesday, November 29, 2016 5:59 AM IST
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഫ്രാൻസ്വ ഫില്ലൻ വലതുപക്ഷ വിഭാഗത്തിന്റെ സ്‌ഥാനാർഥിയാകുമെന്ന് ഉറപ്പായി. സ്‌ഥാനാർഥിയെ കണ്ടെത്താൻ ഞായറാഴ്ച നടത്തിയ പ്രൈമറി റൺ ഓഫിൽ ഫില്ലൻ അനായാസം മുന്നിലെത്തുകയായിരുന്നു. ഫില്ലന് നല്ലൊരു എതിരാളിയാകാൻ പോലും അലെയ്ൻ ജൂപ്പെയ്ക്ക് സാധിച്ചില്ല.

ഫ്രാൻസിൽ അടുത്ത വർഷമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. യാഥാസ്‌ഥിതികവാദിയും മുൻ പ്രധാനമന്ത്രിയുമായ ഫില്ലനാണ് 67 ശതമാനം വോട്ടും സ്വന്തമാക്കിയത് ജൂപ്പെയ്ക്ക് 33 ശതമാനം. പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഫില്ലനു തന്നെയാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. മറൈൻ ലീ പെൻ ആയിരിക്കും ഫില്ലന്റെ എതിരാളി. യാഥാസ്‌ഥിതിക നിലപാടുകളും ഇസ് ലാം വിരുദ്ധ മനോഭാവവും ഫില്ലന് മേധാവിത്വം നൽകുന്നു. എന്നാൽ, സാമ്പത്തിക വിഷയങ്ങളിൽ അദ്ദേഹം പിന്നാക്കമാണെന്ന ധാരണയാണ് തിരിച്ചടിക്കു നേരിയ സാധ്യത നൽകുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ