വാണിജ്യ തലസ്ഥാനമെന്ന ഖ്യാതി ഇനി ഡൽഹിക്ക്
Monday, November 28, 2016 3:22 AM IST
ന്യൂഡൽഹി: ആഗോള സാമ്പത്തിക കേന്ദ്രങ്ങളുടെ പട്ടികയിൽ തലസ്‌ഥാന നഗരമായ ഡൽഹി ഇന്ത്യയുടെ വാണിജ്യ തലസ്‌ഥാനമായ മുംബൈയെ മറികടന്നു. ഒക്സ്ഫോർഡ് ഇക്കണോമിക്സ് തയാറാക്കിയ പട്ടികയിൽ ഡൽഹി 30—ാം സ്ഥാനത്തെത്തിയപ്പോൾ മുംബൈ 31—ാം സ്ഥാനത്താണ്. 200 രാജ്യങ്ങളിലെ മൂവായിരം നഗരങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തി തയാറാക്കുന്ന പട്ടിക ലോകത്തേറ്റവും ആധികാരികമായാണ് വിലയിരുത്തപ്പെടുന്നത്.

ദേശീയ തലസ്ഥാന മേഖലയും ഗുഡ്ഗാവ്, ഫരീദാബാദ്, നോയ്ഡ, ഗസിയാബാദ് എന്നിവിടങ്ങൾ ഉൾപ്പെട്ട ഡൽഹിയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 370 ബില്യൺ ഡോളറാണ്. അതേസമയം, മുംബൈയും മഹാനഗരത്തിന്റെ പരിധിയിൽ വരുന്ന നവിമുംബൈ, താനെ, വസായ് വിരാഡ്, ബിവാൻഡി, പൻവേൽ എന്നീ നഗരങ്ങളും ഉൾപ്പെട്ട മേഖലയുടെ ജിഡിപി 368 ബില്യൺ ഡോളറാണ്. എന്നാൽ പൊതുസ്വകാര്യ പങ്കാളിത്തത്തിൽ(പിപിപി) ഡൽഹിയേക്കാൾ മുന്നിലാണ് മുംബൈ. മുംബൈയിലെ പിപിപി 16,881 ഡോളറും ഡൽഹിയിലേത് 15,745 ഡോളറുമാണ്.

ഡൽഹിയും മുംബൈയും ഇനിയും വളർച്ച കൈവരിക്കുമെന്നാണ് ഒക്സ്ഫോർഡ് ഇക്കണോമിക്സിന്റെ വിലയിരുത്തൽ. 2030 ആകുമ്പോൾ ഡൽഹി 11—ാം സ്ഥാനത്തും മുംബൈ 14—ാം സ്ഥാനത്തുമെത്തുമാണ് പ്രവചനം.