നോട്ടുകൾ പിൻവലിക്കൽ: പ്രവാസികൾക്ക് ആശ്വാസ നടപടി പ്രഖ്യാപിച്ചു
Monday, November 28, 2016 2:11 AM IST
ഷിക്കാഗോ: ഇന്ത്യ ഗവൺമെന്റ് അഞ്ഞൂറ്, ആയിരം രൂപ നോട്ടുകൾ അസാധുവാക്കിയ പ്രക്രിയയിൽ നാട്ടിലേതെന്നതുപോലെ അമേരിക്കൻ മലയാളികളും ആശങ്കയിലാണ്. അംഗ സംഘടനകളിൽ നിന്നും ഇതിനെകുറിച്ചുള്ള ആശങ്കകൾ ഉയർന്നപ്പോൾ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (ഫോമ) പ്രസിഡന്റ് ബെന്നി വാച്ചാചിറ വിദേശകാര്യ മന്ത്രാലത്തിലും പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടും അമേരിക്കയിൽ സന്ദർശനത്തിനെത്തിയ എം.ബി. രാജേഷ് എംപിയുമായി സെക്രട്ടറി ജിബി തോമസും നടത്തിയ ചർച്ചകളെതുടർന്ന് ഇന്ത്യൻ സർക്കാർ പ്രവാസികൾക്ക് താത്കാലിക ആശ്വാസ നടപടികൾ പ്രഖ്യാപിച്ചു.

ഇതനുസരിച്ച് അമേരിക്കയിൽ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ ഇരുപത്തയ്യായിരം (25,000) ഇന്ത്യൻ രൂപ വരെ കൈയിൽ കരുതാമെന്നും യാത്ര ചെയ്യാൻ കഴിയാത്തവരുടെ പണവും ഇവരുടെ കൈവശം കൊടുത്തു വിടാമെന്നും ഉള്ളതാണ് പുതിയ നടപടി. പണം കൊടുത്തു വിടുമ്പോൾ അതോടൊപ്പം ഒരു ഓതറൈസേഷൻ ലെറ്ററും കൂടി വയ്ക്കണം എന്ന നിബന്ധന മുന്നോട്ടുവച്ചിട്ടുണ്ട്. ഡിസംബർ 31ന് മുൻപ് 500, 1000 രൂപ നോട്ടുകൾ മാറ്റിയെടുക്കണമെന്നിരിക്കെ പുതിയ നിബന്ധനകൾ പ്രവാസികൾക്ക് കുറച്ചൊരു ആശ്വാസം നൽകുന്നതാണ്.

റിപ്പോർട്ട്: വിനോദ് ഡേവിഡ് കൊണ്ടൂർ