സ്വിറ്റ്സർലൻഡിൽ ആണവ നിലയങ്ങൾ അടച്ചുപൂട്ടില്ല
Monday, November 28, 2016 2:10 AM IST
ബേൺ: സ്വിറ്റ്സർലൻഡിലെ ആണവ നിലയങ്ങൾ സമയ ബന്ധിതമായി അടച്ചുപൂട്ടുന്നതിനോട് പ്രതികൂലമായി സ്വിസ് ജനത വിധിയെഴുതി. നവംബർ 27ന് നടന്ന റഫറണ്ടത്തിൽ 54.5 ശതമാനം പേർ അടച്ചുപൂട്ടലിനെതിരായി വോട്ടു ചെയ്തു. ഗ്രീൻ പാർട്ടിയുടെ പ്രത്യേക താത്പര്യത്തിലാണ് രാജ്യത്തെ അഞ്ച് ആണവ റിയാക്ടറുകൾ ഘട്ടം ഘട്ടമായി അടച്ചു പൂട്ടണം എന്ന ആവശ്യത്തിൽ ജനഹിത പരിശോധന നടന്നത്. എന്നാൽ 45 വർഷത്തിനുള്ളിൽ രാജ്യത്തെ ആണവ നിലയങ്ങൾ അടച്ചുപൂട്ടുമ്പോൾ ഉണ്ടാകുന്ന ഊർജ പ്രതിസന്ധി എങ്ങനെ പരിഹരിക്കും എന്ന് വ്യക്‌തമാക്കാൻ അവർക്കായില്ല.

അഭിപ്രായ സർവേകളിൽ പ്രവചിച്ചതിന് വിപരീതമായാണ് ജനഹിത പരിശോധനയുടെ ഫലം. രാജ്യത്തെ 18 കന്റോണുകളിലും വൻ ഭൂരിപക്ഷത്തോടെയാണ് അടച്ചുപൂട്ടേണ്ട എന്ന് ജനങ്ങൾ വിധിയെഴുതിയത്. കന്റോൺ ഷ്വിസിൽ 68 ശതമാനം പേർ ‘വേണ്ട’ എന്നു രേഖ പ്പെടുത്തിയപ്പോൾ, ബാസലിൽ 60.5 ശതമാനംപേർ ‘വേണം’ എന്ന് രേഖപ്പെടുത്തി. പടിഞ്ഞാറൻ സംസ്‌ഥാനങ്ങളായ ഗെൻഫ് (59), ജൂറ (57), നോയൻ ബുർഗ് (57), വാദത് (55) എന്നിവിടങ്ങളിൽ വേണം എന്നാവശ്യപ്പെട്ടപ്പോൾ ജർമൻ ഭാഷ സംസാരിക്കുന്ന സംസ്‌ഥാനങ്ങൾ വേണ്ട എന്ന് വിധിയെഴുതി.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ