പോൾ കറുകപ്പള്ളി ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ, മറിയാമ്മ പിള്ള വൈസ് ചെയർപേഴ്സൺ, ജോർജ് ഓലിക്കൽ സെക്രട്ടറി
Sunday, November 27, 2016 11:19 PM IST
ന്യൂയോർക്ക്: ഫൊക്കാന ഫൗണ്ടേഷൻ ചെയർമാനായി പോൾ കറുകപ്പള്ളിയേയും , വൈസ് ചെയർപേഴ്സണായി മറിയാമ്മ പിള്ളയേയും, സെക്രട്ടറിയായി ജോർജ് ഓലിക്കലിനേയും തെരെഞ്ഞുടുത്തു. ഫൊക്കാനയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള ഒരു വേദിയാണ് ഫൊക്കാന ഫൗണ്ടേഷൻ.

1983 ൽ ഫൊക്കാന തുടക്കംകുറിച്ചതു മുതൽ സജീവ പ്രവർത്തകനാണ് പോൾ കറുകപ്പള്ളി. എല്ലാ കൺവൻഷനിലും പങ്കെടുത്തു. രണ്ടു തവണപ്രസിഡന്റാവുകയും രണ്ടുതവണ ട്രസ്റ്റി ബോർഡ് ചെയർമാൻ ആവുകയും ചെയ്തു. ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം അടക്കം ഒട്ടേറെ സമിതികളിൽ പോൾ സജീവ അംഗമായി പ്രവർത്തിക്കുന്നു. പോൾ കറുകപ്പള്ളി ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ ആക്കിയതീലൂടെ ചാരിറ്റി പ്രവർത്തനങ്ങൾക് ഒരു പുതിയ തുടക്കം ആയിരിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.

വാഷിംഗ്ടണിൽ ഫൊക്കാനാ കൺവെൻഷൻ നടക്കുന്ന കാലം മുതലാണ് മറിയാമ്മ പിള്ള സംഘടനാ രംഗത്ത് സജീവമായത്. നിശബ്ദമായ പ്രവർത്തനത്തിലൂടെ സംഘടനയിലും അവർ വ്യക്‌തിമുദ്ര പതിപ്പിച്ചു. ഹൂസ്റ്റൺ കൺവെൻഷനിൽ ശക്‌തമായ മത്സരത്തിലൂടെ ഫൊക്കാനായുടെ ആദ്യ വനിതാ പ്രസിഡന്റ് ആയി തെരെഞ്ഞുടുത്തു . മുഖ്യധാരയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച അവർ മികച്ച നഴ്സിംഗ് ഹോം നടത്തുന്നതിനുള്ള സ്റ്റേറ്റിന്റെ ആറ് അവാർഡുകൾ നേടി. മറിയാമ്മ പിള്ളയുടെ സഹായ ഹസ്തങ്ങൾ ഒട്ടേറെപ്പേരിലേക്ക് നീണ്ടത് നാലു പതിറ്റാണ്ടിന്റെ ചരിത്രം ഉണ്ട് . ഒരുപക്ഷെ നിശബ്ദമായി ഒട്ടേറെപ്പേർക്ക് ഉപകാരിയായി നിന്ന മലയാളി വനിതകൾ വേറേ ഉണ്ടാകില്ല. ഭർത്താവ് ചന്ദ്രൻ പിള്ള വെച്ചൂച്ചിറ കുന്നം സ്വദേശി.

മറിയാമ്മ പിള്ളയെ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൺ ആയി തെരഞ്ഞുടിത്തത്തിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾക് ഒരു പുതിയ മുഖം നൽകാൻകഴിയുമെന്നു ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗിസ് അറിയിച്ചു.

ഫൊക്കാനയുടെ ഒരു ചിരകാല പ്രവർത്തകനും സ്പെല്ലിംഗ് ബീയുടെ റീജിയണൽ ഡയറക്ടറും ,പമ്പയുടെ സ്‌ഥാപക മെംബർ, പ്രസിഡന്റ് എന്നീ നിലകളിൽ മഹത്തായ സേവനങ്ങൾ നൽകിയിട്ടുള്ള വ്യക്‌തിയാണ് ജോർജ് ഓലിക്കൽ. ട്രൈസ്റ്റേറ്റ് ഏരിയായിലെ കേരള അസോസിയേഷനുകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ സ്‌ഥാപക മെംബർ, ട്രസ്റ്റീ ബോർഡ് ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്‌ടിച്ചിട്ടുണ്ട്. മലയാള നാടകങ്ങളെ പോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപീകരിച്ചിരിക്കുന്ന ’മനീഷി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ’യുടെ സ്‌ഥാപക മെംബറും ഡയറക്ടറും കൂടിയാണ് ജോർജ് ഓലിക്കൽ. കൂടാതെ, വിശിഷ്‌ട സേവനങ്ങൾ കാഴ്ചവെയ്ക്കുന്ന മലയാളികളെ ആദരിക്കുന്നതിനായി ജോർജ് നടവയലുമായി ചേർന്ന് ’ഗ്രേയ്റ്റ് അമേരിക്കൻ മലയാളി ഹിസ്റ്ററി മന്ത്’ എന്ന പ്രസ്‌ഥാനത്തിന് തുടക്കമിട്ടതും ജോർജ് ഓലിക്കൽ ആണ്.

സാമൂഹ്യസാംസ്ക്കാരിക രംഗങ്ങളിൽ അനേകവർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ജോർജ് ഓലിക്കലിനെ ഫൊക്കാനയുടെ ഫൗണ്ടേഷൻ സെക്രട്ടറി ആയി തെരഞ്ഞെടുത്തതുവഴി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാൻ ശക്‌തമായ പിന്തുണ ലഭിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ