കൊണ്ടോട്ടി മുൻസിപ്പാലിറ്റി സമ്പൂർണ ഭിക്ഷാടന നിരോധിത മേഖലയാക്കും: കൊണ്ടോട്ടി സെന്റർ
Saturday, November 26, 2016 10:22 AM IST
ജിദ്ദ: കൊണ്ടോട്ടി മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന സ്‌ഥലങ്ങളിൽ പരിപൂർണ ഭിക്ഷാടന നിരോധിത മേഖലകളാക്കി മാറ്റാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി കൊണ്ടോട്ടി സെന്റർ ജിദ്ദ വൃക്‌തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് നിരോധനവുമായി ബന്ധപ്പെട്ട പ്രവർത്തന പരിപാടികൾ നടത്തുവാൻ തീരുമാനിച്ചത്. സംസ്‌ഥാനത്ത് അന്യസംസ്‌ഥാന തൊഴിലാളികൾ വർധിച്ചതും സ്ത്രീകൾ അടക്കമുള്ള ഭിക്ഷാടന മാഫിയകൾ വീടുകൾ കയറി ഇറങ്ങുന്നതും മോഷണത്തിന് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതും സ്ത്രീകളെ ആക്രമിക്കുകയും ചെയ്യുന്നത് വർധിച്ചുവരുന്നതും സ്കൂളുകളെ ലഹരി വില്പന കേന്ദ്രമാക്കി മാറ്റുകയും ചെയ്യുന്ന സാഹചര്യത്തിലുമാണ് സംഘടന ഇത്തരമൊരു തീരുമാനത്തിലെത്തിച്ചേർന്നത്.

ഇതിന്റെ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി പ്രവാസ ലോകത്തും നാട്ടിലും ജനങ്ങളെ ബോധവത്കരിക്കുക, ഭിക്ഷാടനത്തിന്റെ മറുപുറങ്ങളെ തുറന്നു കാട്ടുക തുടങ്ങിയ ലഷ്യത്തോടെ ലഘുലേഘകൾ തയാറാക്കി വിതരണം ചെയ്യും. ഇതിനു മുന്നോടിയായി കൊണ്ടോട്ടി മുനിസിപ്പൽ ചെയർമാനടക്കം മുഴുവൻ ജനപ്രതിനിധികളുമായും ചർച്ച നടത്തും. കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ തുടങ്ങിയവരുടെ സഹകരണം ഉറപ്പുവരുത്തും.

മുഴുവൻ മഹല്ല് ഭാരവാഹികളുമായും ചർച്ച നടത്തും. ഇതിനായി നാട്ടിൽ പ്രവൃത്തിക്കുന്ന കൊണ്ടോട്ടി സെന്റർ ട്രസ്റ്റിന്റെ മുഴുവൻ സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. കൊണ്ടോട്ടി സെന്ററിനു കീഴിൽ പ്രവൃത്തിക്കുന്ന ഒരുമ എന്ന മഹൽ കോഓർഡിനേഷൻ കമ്മിറ്റി വഴിയാണ് ബോധവത്കരണം നടത്തുക.

പ്രസിഡന്റ് സലിം മധുവായി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലികുട്ടി ബാവക്ക് സെന്റെിന്റെ ഉപഹാരം കെസിടി വൈസ് ചെയർമാൻ കബീർ കൊണ്ടോട്ടി സമ്മാനിച്ചു. റഫീഖ് ചെറുശേരി, ജാഫർ കൊടവണ്ടി, കെ.പി. ബവ, റഫിഖ് മാങ്കായി, മുസ്തഫ അമ്പലപ്പള്ളി, കെ.പി. റഷീദ്, മുനീർ കുടുക്കൻ, ജനറൽ സെക്രട്ടറി ബാവതങ്ങൾ, ട്രഷറർ റഷീദ് മാങ്കായി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ